സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച (നവംബര്‍ 10) വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സുരക്ഷിത സ്ഥലങ്ങളില്‍ തുടരാനും പ്രളയസാധ്യതയുള്ള താഴ്വരകളില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും വിട്ടുനില്‍ക്കാനും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മക്ക, റിയാദ് എന്നീ പ്രധാന മേഖലകളില്‍ ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം, കനത്ത കാറ്റ് എന്നിവയോടൊപ്പം കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. മക്കയിലെ ജിദ്ദ, താഇഫ്, റാബിഗ്, അല്‍ ലിത്ത് തുടങ്ങിയ പ്രദേശങ്ങളിലും റിയാദ് പ്രവിശ്യയിലെ അഫീഫ്, അല്‍ ദവാദ്മി എന്നിവിടങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശമുള്ളത്.
മക്കയ്ക്കും റിയാദിനും പുറമെ ജാസാന്‍, അസീര്‍, മദീന, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യ ഉള്‍പ്പെടെയുള്ള മറ്റ് ഒന്‍പത് മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. റോഡുകളില്‍ വെള്ളം പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.