കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയേയും കുടുംബാംഗങ്ങളായ ആറുപേരെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി.

ബെംഗളൂരു സ്വദേശിയായ ഇന്ദു ശേഖര്‍ (45) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപവതി, സഹോദരന്മാരായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴ് വയസ്സുള്ള മകന്‍ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയ ഇയാള്‍, വീട്ടില്‍ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സുനിതയുടെ സഹോദരന്മാരെ ക്ഷണിച്ചുവരുത്തി വധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭാര്യമാരെയും മാതാവിനെയും ഏഴുവയസ്സുകാരനായ കുഞ്ഞിനെയും തന്ത്രപരമായി വീട്ടിലെത്തിച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
അരക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഏഴുപേരെയും പ്രതി വധിച്ചതെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ സ്വന്തം ടാക്‌സി വാഹനത്തില്‍ കയറ്റി നന്ദി ഹില്‍സ് ഉള്‍പ്പെടെ നഗരത്തിന് പുറത്തുള്ള വിജനമായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വീടും പരിസരവും രാസവസ്തുക്കള്‍ ഉപയോഗിച്ച് കഴുകി തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.
കുടുംബാംഗങ്ങളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്‍ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. വനമേഖലകളിലും വിജനമായ മറ്റ് പ്രദേശങ്ങളിലും ബാക്കി മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *