ബഹ്റൈനില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ തടയുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ.) പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ഒക്ടോബറില്‍ മാത്രം 3,692 മിന്നല്‍ പരിശോധനകളാണ് രാജ്യത്തുടനീളം പൂര്‍ത്തിയാക്കിയത്. ഈ പരിശോധനകളില്‍ പിടിയിലായ 574 പ്രവാസികളെ ഇതിനകം രാജ്യത്തുനിന്ന് നാടുകടത്തി.
പരിശോധന വേളയില്‍ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 62 പുതിയ തൊഴിലാളികളെക്കൂടി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ നാടുകടത്തല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും എല്‍.എം.ആര്‍.എ. അറിയിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ റെയ്ഡുകള്‍ തുടരും.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരങ്ങള്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എല്‍.എം.ആര്‍.എ. വെബ്സൈറ്റ്, ‘തവാസുല്‍’ ആപ്പ് അല്ലെങ്കില്‍ കോള്‍ സെന്റര്‍ നമ്പര്‍ വഴി പരാതി നല്‍കാം.