പാലക്കാട് : ഗ്രാമീണ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും സാമ്പത്തിക അച്ചടക്കവും സൈബര്‍ സുരക്ഷാ ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയില്‍ ‘അര്‍ത്ഥസൂത്ര സംവാദ്’ പരിപാടി സംഘടിപ്പിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ സംരംഭത്തിന്റെ ഭാഗമായി ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. പുതുശ്ശേരി ഗാന്ധി ആശ്രമം, പാലക്കാട് ഐഡിഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളിലായാണ് ശില്പശാലകള്‍ നടന്നത്.
സിവില്‍ പോലീസ് ഓഫീസര്‍ സജീവ് കുമാറും എഎസ്‌ഐ ശശി വി.പി.യും സൈബര്‍-സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും ക്ലാസുകള്‍ നയിച്ചു.വ്യക്തിഗത വിവരങ്ങള്‍, ബാങ്കിംഗ് വിശദാംശങ്ങള്‍, ഒടിപി, പാസ്വേഡുകള്‍ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കുവെക്കരുതെന്ന് സിവില്‍ പോലീസ് ഓഫീസര്‍ സജീവ് കുമാറും എഎസ്‌ഐ ശശി വി.പി.യും മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടനടി ‘1930’ എന്ന ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടണമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകളോ വായ്പാ പ്രശ്‌നങ്ങളോ നേരിടുമ്പോള്‍ മാനസികമായി തകരാതെ പോലീസിന്റെയോ കുടുംബത്തിന്റെയോ സഹായം തേടണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചു.
സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തല്‍, കാര്യക്ഷമമായ സാമ്പത്തിക ആസൂത്രണം, ഉത്തരവാദിത്തമുള്ള വായ്പയെടുക്കല്‍, കൃത്യസമയത്തുള്ള തിരിച്ചടവ് എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ശില്‍പ്പശാലയില്‍ വിശദമായ ക്ലാസുകള്‍ നടന്നു. ഡിജിറ്റല്‍ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍, വ്യാജ നിക്ഷേപ പദ്ധതികള്‍, വാട്ട്‌സ്ആപ്പ് തട്ടിപ്പുകള്‍, ‘ഡിജിറ്റല്‍ അറസ്റ്റ്’ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ ബോധവത്ക്കരണവും പരിപാടിയിലൂടെ നല്‍കി.ശില്‍പ്പശാലയില്‍ പുതുശ്ശേരി ഗാന്ധി ആശ്രമം സ്ഥാപകന്‍ ശ്രീനിവാസന്‍, ഐഡിഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.