സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവുമാണ് വിപണിയില്‍ പെട്ടെന്നുള്ള വിലക്കയറ്റത്തിന് വഴിവെച്ചതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് പുറമേയാണ് ഈ അധിക ഭാരം.
അരി വിപണിയിലാണ് ഏറ്റവും വലിയ ആഘാതമുണ്ടായിരിക്കുന്നത്. പ്രധാന ഇനമായ മട്ട അരിയുടെ ചില്ലറ വില കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 65 രൂപയായി കുതിച്ചുയര്‍ന്നു. സുലേഖ അരി (45ല്‍ നിന്ന് 55 രൂപ), ജയ അരി (45ല്‍ നിന്ന് 54 രൂപ), പൊന്നി അരി (മൊത്തവിലയില്‍ 10 രൂപ വര്‍ധിച്ച് 53 രൂപ) എന്നിങ്ങനെ എല്ലാ ഇനങ്ങള്‍ക്കും വലിയ വിലവര്‍ധനവാണ് രേഖപ്പെടുത്തിയത്. അരിവില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണിന് വില കൂട്ടേണ്ട സാഹചര്യമാണുള്ളത്.
ധന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പൊള്ളുന്ന വിലയിലാണ് വിറ്റഴിക്കപ്പെടുന്നത്. രണ്ടാഴ്ചയ്ക്കിടെ 12 രൂപ വര്‍ധിച്ച് ഉഴുന്നിന്റെ ചില്ലറ വില പലയിടത്തും 150 രൂപ കടന്നു. വറ്റല്‍ മുളക് വില കിലോയ്ക്ക് 230-ല്‍ നിന്ന് 360 രൂപയായും മഞ്ഞള്‍ 180-ല്‍ നിന്ന് 300 രൂപയായും ഉയര്‍ന്നപ്പോള്‍ തുവരപ്പരിപ്പ് 170 രൂപയിലും കടല 95 രൂപയിലുമെത്തി. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 54 രൂപയായി ഉയര്‍ന്നു. ഗോതമ്പ് പൊടിയുടെയും റവയുടെയും പുതിയ സ്റ്റോക്ക് എത്തുന്നതോടെ ഇവയ്ക്കും വില ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.