ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് 13,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്.
മത്സരത്തിനിറങ്ങുമ്പോള്‍ ഈ നേട്ടത്തിലെത്താന്‍ കോഹ്ലിക്ക് 12 റണ്‍സ് കൂടി മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് താരം ഈ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്. കേവലം 251 ഇന്നിങ്സുകളില്‍ നിന്നാണ് മൂന്നാം നമ്പറില്‍ കോഹ്ലി 13,000 റണ്‍സ് തികച്ചത്. 61.55 എന്ന ഉയര്‍ന്ന ശരാശരിയില്‍ ഈ പൊസിഷനില്‍ നിന്ന് മാത്രം 48 സെഞ്ചുറികളും 70 അര്‍ധസെഞ്ചുറികളും കോഹ്ലി അടിച്ചുകൂട്ടിയിട്ടുണ്ട്.
ഏകദിനത്തില്‍ ഏതെങ്കിലും ഒരു നിര്‍ദിഷ്ട ബാറ്റിങ് പൊസിഷനില്‍ 13,000-ല്‍ അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് കോഹ്ലി. നേരത്തെ ഓപ്പണറായി ബാറ്റ് ചെയ്ത് 13,685 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഈ പട്ടികയില്‍ മുന്‍പിലുള്ളത്. മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് (12,662 റണ്‍സ്), ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര (9,747 റണ്‍സ്) എന്നിവരാണ് കോഹ്ലിക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.