യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ചരിത്ര റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജി. വിയ്യാറയലിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ മത്സരത്തിലാണ് പി.എസ്.ജി ചരിത്ര നേട്ടം സ്വന്തമാക്കിയത്. കളി തുടങ്ങി കേവലം 16 മിനിറ്റും രണ്ട് സെക്കന്‍ഡും പിന്നിട്ടപ്പോഴേക്കും നാല് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നാല് ഗോളുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് പി.എസ്.ജി സ്വന്തമാക്കിയത്.
2011-ല്‍ ഡൈനാമോ സാഗ്രെബിനെതിരെ 20 മിനിറ്റില്‍ നാല് ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഒമ്പതാം മിനിറ്റില്‍ ജാവോ നെവസിലൂടെയാണ് പി.എസ്.ജി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് എട്ട് മിനിറ്റിനുള്ളില്‍ ഡെസിറെ ഡുവെ, സെന്നി മായുലു, ഫാബിയാന്‍ റൂയിസ് എന്നിവര്‍ കൂടി വലകുലുക്കിയതോടെ പി.എസ്.ജി 4-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഫാബിയന്‍ റൂയിസ് തന്റെ രണ്ടാം ഗോളും നേടി. തുടര്‍ന്ന് പകരക്കാരനായി ഇറങ്ങിയ 17-ാം വയസ്സുകാരന്‍ ഡേവിഡ് ബോളി തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആറാം ഗോളും നേടി ടീമിന്റെ വിജയം പൂര്‍ത്തിയാക്കി.
ഖ്വിച്ച് ക്വാറത്സ്‌ഖേലിയ, ഉസ്മാന്‍ ഡെംബലെ, മാര്‍ക്വിന്യോസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും ലൂയിസ് എന്റിക്വെയുടെ പരിശീലനത്തിന് കീഴില്‍ അവിശ്വസനീയ പ്രകടനമാണ് പി.എസ്.ജി പുറത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് 12 പോയിന്റോടെ ഒന്നാമതുള്ള ഏക ടീമും പി.എസ്.ജിയാണ്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു സ്പാനിഷ് ക്ലബ്ബ് സ്വന്തം മൈതാനത്ത് വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.