തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം-2026) ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍. നവംബര്‍ 3 ന് ആരംഭിച്ച ഡബ്ല്യുടിഎം-2026 ല്‍ ടൂറിസം മേഖലയിലെ വ്യാപാര പങ്കാളികളുമായാണ് കേരളം പങ്കെടുക്കുന്നത്.
ലോകമെമ്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്‌സിനെയും സെല്ലേഴ്‌സിനെയും ആകര്‍ഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. എക്‌സല്‍ ലണ്ടനില്‍ നവംബര്‍ 5 വരെയാണ് ഡബ്ല്യുടിഎം നടക്കുന്നത്. കേരള ടൂറിസത്തിന്റെ പ്രധാന വിപണികളിലൊന്നാണ് ലണ്ടന്‍.
ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടൂറിസം ഡയറക്ടര്‍ അഞ്ജന എം എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഇതില്‍ പങ്കെടുക്കുന്നത്.
‘സ്റ്റേറ്റ് ഓഫ് വണ്ടര്‍’ എന്ന പ്രമേയത്തില്‍, 100 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കേരള ടൂറിസം പവലിയന്‍ (എന്‍10 210) ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയും രാജ്യസഭാംഗവുമായ സുധാ മൂര്‍ത്തിയും ചേര്‍ന്ന് കേരള ടൂറിസം പവലിയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ഉത്സവവൈവിധ്യവും പ്രകൃതിഭംഗിയും വിനോദസഞ്ചാര സാധ്യതകളും സമന്വയിപ്പിച്ചുള്ള കേരള ടൂറിസം പവലിയന് അന്താരാഷ്ട്ര പ്രതിനിധികളുടെയും വ്യാപാര പങ്കാളികളുടെയും ശ്രദ്ധ നേടാനായി.
കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഡബ്ല്യുടിഎമ്മിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. പുതിയ ടൂറിസം സീസണില്‍ ലണ്ടനില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് കേരളം എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മനോഹരമായ പ്രകൃതി, സാംസ്‌കാരികമായ സവിശേഷതകള്‍, പ്രാദേശിക ജീവിതാനുഭവങ്ങള്‍, ആയുര്‍വേദ-വെല്‍നസ് തുടങ്ങി കേരളം വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ടൂറിസം ആകര്‍ഷണങ്ങളോട് സഞ്ചാരികള്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ഡബ്ല്യുടിഎം പോലുള്ള ആഗോള പരിപാടികളില്‍ പങ്കെടുക്കുന്നത് ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന കേരളത്തിന്റെ സ്ഥാനം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ അഞ്ജന എം പറഞ്ഞു. കേരള ടൂറിസത്തിന്റെ അതുല്യമായ ഉത്പന്നങ്ങളും സംരംഭങ്ങളും ഡബ്ല്യുടിഎമ്മിലെ ആഗോള ടൂറിസം വ്യവസായ പ്രതിനിധികള്‍ക്കു മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പരമ്പരാഗത ആഘോഷങ്ങളുടെ പ്രൗഢി വിളിച്ചോതുന്നതാണ് പവലിയന്‍. കേരളത്തിലെ പൂരങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് പവിലിയന്റെ മുഖ്യ ആകര്‍ഷണം. നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, വര്‍ണാഭമായ കുടമാറ്റം, പരമ്പരാഗത കലാരൂപങ്ങള്‍, ഉത്സവാന്തരീക്ഷം എന്നിവയിലൂടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പൂരപ്പെരുമയും പവലിയനില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. തത്സമയ കഥകളി പ്രകടനവും പ്രധാന ആകര്‍ഷണമാണ്.
ആഗോള ടൂറിസം വിപണിയില്‍ കേരളത്തിന്റെ സവിശേഷമായ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കാനും അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യാപാര പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധം ശക്തിപ്പെടുത്താനും ഡബ്ല്യുടിഎം ലണ്ടനിലെ പങ്കാളിത്തം അവസരമൊരുക്കുന്നു.
കേരളത്തില്‍ നിന്ന് ഏഴ് ടൂറിസം വ്യവസായ പ്രതിനിധികളാണ് ഡബ്ല്യുടിഎമ്മില്‍ പങ്കെടുക്കുന്നത്. മൂന്ന് ഹോട്ടലുകള്‍/റിസോര്‍ട്ടുകള്‍, രണ്ട് ആയുര്‍വേദ റിസോര്‍ട്ട്, രണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്‌സ്, പോള്‍ റിസോര്‍ട്‌സ് ആന്‍ഡ് ഹോട്ടല്‍സ്, പയനിയര്‍ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ്, സാന്റമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.