തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. സമരം ചെയ്യുന്നത് ജനാധിപത്യപരമായ അവകാശമാണെങ്കിലും അതിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ല. മാപ്പ് എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നത് സര്‍വകലാശാലയുടെ അച്ചടക്ക നടപടിയുടെ ഭാഗമാണ്. വിഷയത്തില്‍ സുപ്രീം കോടതി വിധി എന്തായാലും അത് പൂര്‍ണ്ണമായും പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാലടി സര്‍വകലാശാലയില്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ (നവംബര്‍ 5) സുപ്രീം കോടതി പരിഗണിക്കും. ഹരജിക്കാര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. സര്‍വകലാശാല കോടതിയില്‍ ഹാജരാക്കിയ ഹാജര്‍ നില തെറ്റാണെന്നും, സസ്പെന്‍ഷന്‍ കാലയളവ് കൂടി ഉള്‍പ്പെടുത്തിയാണ് ഹാജര്‍ രേഖപ്പെടുത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സസ്പെന്‍ഷന് മുന്‍പ് പലര്‍ക്കും 90 ശതമാനത്തിലേറെ ഹാജര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്ന യോഗ്യതകള്‍ കൃത്യമാണെങ്കില്‍ അവര്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീതി ലഭിക്കുമെന്നും പരീക്ഷ എഴുതാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സസ്പെന്‍ഷനിലുള്ള 16 വിദ്യാര്‍ത്ഥികളില്‍ 10 പേര്‍ക്ക് പരീക്ഷ എഴുതേണ്ടതുണ്ട്. ഇതില്‍ 7 പേരുടെ പരീക്ഷ ഇന്ന് നടക്കുകയാണ്. സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ഇന്ന് (നവംബര്‍ 4) പരീക്ഷാ ഹാളിലെത്തിയത്.