സംസ്ഥാനത്ത് ഞായറാഴ്ച (നവംബര്‍ 8) വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഇന്ന് (നവംബര്‍ 4) കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും നാളെ (നവംബര്‍ 5) പത്തനംതിട്ട ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അവിടെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
കടലിലെയും അന്തരീക്ഷത്തിലെയും മാറ്റങ്ങളാണ് മഴ കനക്കാന്‍ കാരണം. ആന്ധ്ര തീരത്ത് തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനൊപ്പം ലക്ഷദ്വീപിനും തെക്കന്‍ തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായി വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ മഴ കനക്കുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *