അര്‍ഷ്ദീപിന് 4 വിക്കറ്റ്; ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ, ജയിക്കാന്‍ 186 റണ്‍സ്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 186 റണ്‍സ് വിജയലക്ഷ്യം. ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ ഇന്ത്യന്‍ പേസ് പട എറിഞ്ഞൊതുക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗിന്റെ തകര്‍പ്പന്‍ ബോളിംഗാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും അന്‍ഷൂല്‍ കമ്പോജ് രണ്ടും വിക്കറ്റുകള്‍ നേടി. 38 റണ്‍സെടുത്ത ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

അവസാന വിക്കറ്റില്‍ 23 പന്തില്‍ 34 റണ്‍സ് അടിച്ചുകൂട്ടിയ ബ്ലെയര്‍ ടിക്നറാണ് ആതിഥേയരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്റേത്. 40 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ വില്‍ യംഗ് (9), ഹെന്റി നിക്കോള്‍സ് (9) എന്നിവരെ പുറത്താക്കി അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി. തുടര്‍ന്ന് ടിം സീഫെര്‍ട്ട് ഡാരില്‍ മിച്ചല്‍ (28) സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും ഗുര്‍നൂര്‍ ബ്രാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ടോം ലാഥം (3), ഡാരില്‍ മിച്ചല്‍ എന്നിവരും മടങ്ങിയതോടെ ന്യൂസിലന്‍ഡ് 97 ന് 5 എന്ന നിലയില്‍ തകര്‍ന്നു.

ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (4), നഥാന്‍ സ്മിത്ത് (1), കെയ്ല്‍ ജാമിസണ്‍ (1) എന്നിവരും നിരാശപ്പെടുത്തിയതോടെ കിവീസ് 131 ന് 8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഗ്ലെന്‍ ഫിലിപ്‌സിന്റെ (30) പോരാട്ടവും അധികം നീണ്ടില്ല. എന്നാല്‍ അവസാന വിക്കറ്റില്‍ ജേക്കബ് ഡഫിയും (15) ബ്ലെയര്‍ ടിക്നറും ചേര്‍ന്ന് നേടിയ 39 റണ്‍സാണ് കിവീസിനെ 185 ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ആക്വിബ് നബി 6 ഓവറില്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *