മരുമകന്റെ ക്രൂരമായ ആക്രമണത്തില്‍തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു

കൊല്ലം: ഭരണിക്കാവ് ബസ് സ്റ്റാന്‍ഡിന് സമീപം പനപ്പെട്ടി ചിറയില്‍ പടിഞ്ഞാറ്റതില്‍ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകന്‍ വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി കെ. ശിവനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു (നവംബര്‍1) സംഭവം. ഭര്‍ത്താവ് ശിവനുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്ന ഭാര്യ രജനി, ഞായറാഴ്ച വൈകിട്ടോടെ അമ്മ ശ്യാമളയുടെ വീട്ടിലേക്ക് വന്നിരുന്നു. ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവന്‍ രജനീയുമായും ശ്യാമളയുമായും വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച ശിവനില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും മകളും അയല്‍വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍, പിന്തുടര്‍ന്നെത്തിയ ശിവന്‍ തടിക്കഷ്ണം കൊണ്ട് രജനെയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ ശ്യാമളയുടെ തലയ്ക്ക് അടികൊള്ളുകയായിരുന്നു.
തല തകര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ഉടന്‍ തന്നെ ഭരണിക്കാവിലെയും തുടര്‍ന്ന് അടൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്നുമാണ് പൊലീസ് പിടികൂടിയത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *