ഭൂമിയില്‍ ജീവന്‍ കൊണ്ടുവന്നത് വാല്‍നക്ഷത്രങ്ങളല്ല; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം!

ഭൂമിയുടെ ആദ്യകാലങ്ങളില്‍ ഇടിച്ചിറങ്ങിയ ധൂമകേതുക്കളാണ് ജീവന്റെ ഉത്ഭവത്തിന് ആവശ്യമായ രാസഘടകങ്ങള്‍ നല്‍കിയതെന്ന നൂറ്റാണ്ടുകളായുള്ള വിശ്വാസത്തെ വെല്ലുവിളിച്ച് പുതിയ പഠനം. കാര്‍ബണും നൈട്രജനും അടങ്ങിയ വാല്‍നക്ഷത്രങ്ങള്‍ക്ക് ദുര്‍ബലമായ ജൈവ തന്മാത്രകളെ ഒരു പുതിയ ഗ്രഹത്തിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ കഴിയില്ലെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ‘സയന്റിഫിക് റിപ്പോര്‍ട്ട്‌സ്’ ജേണലിലാണ് ഈ നിര്‍ണായക പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു വാല്‍നക്ഷത്രം ഗ്രഹത്തില്‍ പതിക്കുമ്പോഴുള്ള അതിശക്തമായ ചൂടും മര്‍ദ്ദവും ജീവന് അടിത്തറയാകേണ്ട സൂക്ഷ്മ തന്മാത്രകളെ തല്‍ക്ഷണം നശിപ്പിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബഹിരാകാശത്ത് നിന്ന് ജീവന്‍ നല്‍കുന്ന ചേരുവകള്‍ തുടര്‍ച്ചയായി ഭൂമിയില്‍ പതിച്ചിരുന്നു എന്നതിന് ശാസ്ത്രീയ അടിത്തറയില്ല. പകരം, ഏതെങ്കിലും ഒരു ഡെലിവറി വിജയകരമായിരുന്നെങ്കില്‍ തന്നെ അത് ദശലക്ഷത്തില്‍ ഒന്ന് മാത്രം സംഭവിക്കാവുന്ന വളരെ അപൂര്‍വ്വമായ ഒരു യാദൃശ്ചികത മാത്രമായിരിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. റിച്ചാര്‍ഡ് ആന്‍സ്ലോ വ്യക്തമാക്കുന്നത്.

ഈ വാല്‍നക്ഷത്ര സിദ്ധാന്തത്തിന് വലിയ തിരിച്ചടി നേരിട്ടതോടെ, ശാസ്ത്രജ്ഞര്‍ മറ്റ് സാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഘടകങ്ങള്‍ ഭൂമിയില്‍ തന്നെ സ്വാഭാവികമായി രൂപപ്പെട്ടതാകാം എന്ന അനുമാനമാണ് ഇപ്പോള്‍ ശക്തമാകുന്നത്. അതല്ലെങ്കില്‍, വാല്‍നക്ഷത്രങ്ങളെ അപേക്ഷിച്ച് വേഗത കുറഞ്ഞതും കുറഞ്ഞ വിനാശകരവുമായ ഛിന്നഗ്രഹ കൂട്ടിയിടികള്‍ വഴിയാകാം അവ എത്തിയത് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഭൂമിക്ക് സമാനമായി ചൊവ്വയിലും ഇത്തരം കൂട്ടിയിടികള്‍ നടന്നിട്ടുണ്ടാകാമെങ്കിലും, അവിടെയും ജീവന്റെ ഘടകങ്ങള്‍ എത്താന്‍ സാധ്യത വളരെ കുറവാണെന്ന് പഠനം സൂചിപ്പിക്കുന്നു. ചൊവ്വയിലും സമാനമായ പരാജയമാണ് സംഭവിച്ചതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഏതായാലും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഇതുവരെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരുടെ ഈ പുതിയ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *