മഹാരാഷ്ട്രയില്‍ വന്‍ എഫ്.ഡി.എ റെയ്ഡ്; 9 കോടിയുടെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു, 19 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: പതഞ്ജലി ആയുര്‍വേദത്തിന്റെ സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടര്‍ ഉള്‍പ്പെടെ 19 ഭക്ഷ്യ ഉല്‍പ്പാദന-വിതരണ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ഉത്സവ സീസണോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി നടത്തിയ വന്‍ പരിശോധനയില്‍ 9 കോടി രൂപയിലധികം വിലമതിക്കുന്ന വ്യാജ-ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളില്‍ നിന്ന് 3.53 ലക്ഷം കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഛത്രപതി സംഭാജിനഗറിലെ പതഞ്ജലി ഡിസ്ട്രിബ്യൂട്ടറായ ദിവ്യ മഹാവിതര്‍ക്കില്‍ നിന്ന് 20.20 ലക്ഷം രൂപ വിലമതിക്കുന്ന 2,279 ലിറ്റര്‍ പതഞ്ജലി പശു നെയ്യ് പിടിച്ചെടുത്തു. തെറ്റായ ലേബലിംഗും മായം ചേര്‍ക്കല്‍ സംശയവുമാണ് നടപടിക്ക് കാരണം. താനെയിലെ ഭിവണ്ടിയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ടില്‍ നിന്ന് 1.44 ലക്ഷം കിലോഗ്രാം ഭക്ഷ്യ എണ്ണയും വിവിധയിടങ്ങളില്‍ നിന്ന് അരി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ശുചിത്വമില്ലായ്മയും ഭക്ഷ്യസുരക്ഷാ മാനദണ്ഡ ലംഘനവും ചൂണ്ടിക്കാട്ടിയാണ് 19 സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. റെയ്ഡിന്റെ ഭാഗമായി ഇതുവരെ 13 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *