നാല് പതിറ്റാണ്ടിന്റെ കൃഷിപ്പെരുമയുമായി ആലത്തടി വയല്‍

രാജപുരം: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ നെല്‍കൃഷി നടത്തി നൂറുമേനി വിളവ് കൊയ്യുന്ന ആലത്തടി വയല്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നെല്ലറയായി അറിയപ്പെടുന്നു. പരമ്പരാഗത നെല്‍കൃഷിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ആലത്തടിയിലെ കര്‍ഷകന്‍ മാവുപ്പാടി ശ്രീധരന്റെ വയലില്‍ വിരുപ്പ് കൃഷിക്കുള്ള വിത്തിടല്‍ നടന്നു. ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടിവി ജയചന്ദ്രനും കര്‍ഷകരും പങ്കെടുത്തു.പുതിയ കാലത്തിനനുസരിച്ച് കൃഷിരീതികള്‍ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുകയും ആധുനിക കൃഷിരീതികള്‍ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരമ്പരാഗത കൃഷിരീതികള്‍ കൈമോശം വരാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വര്‍ഷങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി നാടിന് അന്നമൂട്ടുന്ന ശ്രീധരനെപ്പോലുള്ള കര്‍ഷകരുടെ സമര്‍പ്പണം മാതൃകാപരമാണ് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. നെല്‍വയലുകളും കൃഷിപാരമ്പര്യവും സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നതിനും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചടങ്ങില്‍ അറിയിച്ചു. പരമ്പരാഗത കൃഷിക്ക് പുതുതലമുറയുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചടങ്ങില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *