കൊച്ചി: കെ.എസ്.ആര്‍.ടി.സി സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെ ബസില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ 45,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. പരാതിക്കാരുടെ ആവശ്യങ്ങള്‍ യഥാസമയം പരിഗണിക്കാതിരിക്കുകയും തൃപ്തികരമായ പരിഹാരം നല്‍കാതിരിക്കുകയും ചെയ്ത കെ.എസ്.ആര്‍.ടി.സിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക നല്‍കണം.
എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രികാ മോഹന്‍ദാസാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇടപ്പള്ളി വട്ടേക്കുന്നം റെസിഡെന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. അങ്കമാലിയില്‍ നിന്ന് മറ്റ് യാത്രക്കാര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരിയുടെ 73 വയസ്സുള്ള ഭര്‍ത്താവിനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യാത്ര തുടരുന്നതിനിടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം തെറിച്ചുവീഴുകയും ഇടതുകൈത്തണ്ടയിലെ എല്ല് പൊട്ടുകയുമായിരുന്നു.
തുടര്‍ന്ന് മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ചികിത്സയ്ക്കായി 52,343 രൂപ ചെലവായെന്നും, അപകട സമയത്ത് ബസില്‍ പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.