വയനാട്ടിലും കോഴിക്കോട്ടുമായി പോലീസും എക്സൈസും നടത്തിയ വെവ്വേറെ പരിശോധനകളില്‍ വന്‍ ലഹരിമരുന്ന് ശേഖരവുമായി നാല് യുവാക്കള്‍ പിടിയിലായി.

ലക്കിടിയില്‍നിന്ന് ഹാഷിഷ് ഓയിലുമായി മൂന്നുപേരെ വൈത്തിരി പോലീസും കാരപ്പറമ്പില്‍നിന്ന് 318 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ കോഴിക്കോട് എക്സൈസ് സംഘവുമാണ് അറസ്റ്റ് ചെയ്തത്.

വയനാട് ലക്കിടിയില്‍ പോലീസ് പട്രോളിങ്ങിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. കോഴിക്കോട് കാക്കൂര്‍ ചാലം കൊട്ട് മലയില്‍ വീട്ടില്‍ അബ്ദുള്‍ ഹാദി റിയാസ് (25), നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടില്‍ കെ.കെ. നിഹാല്‍ (25), മാധവം വീട്ടില്‍ ഗൗതം ദിനേശ് (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. വാഹനത്തില്‍ നില്‍ക്കുകയായിരുന്ന യുവാക്കള്‍ പോലീസ് പട്രോളിങ് സംഘത്തെ കണ്ടതോടെ അവിടെനിന്ന് വേഗത്തില്‍ മാറാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് സംഘം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് അബ്ദുള്‍ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയില്‍ 2.95 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. വൈത്തിരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മറ്റൊരു കേസില്‍ കോഴിക്കോട് കാരപ്പറമ്പില്‍ എക്സൈസ് ഇന്‍സ്പെക്ഷന്‍ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച 318 ഗ്രാം ഹാഷിഷ് ഓയിലുമായി വേങ്ങേരി കാരപ്പറമ്പ് പാണരുകണ്ടി വീട്ടില്‍ അനന്തു (23) അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. പ്രജിത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച (നവംബര്‍ 2) വൈകീട്ടോടെയാണ് കാരപ്പറമ്പിലെ വീട്ടില്‍ പരിശോധന നടത്തിയത്.

പ്രദേശത്ത് ചില്ലറവില്‍പ്പന നടത്താനാണ് പ്രതി ഹാഷിഷ് ഓയില്‍ സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.വി. റിഷിത് കുമാര്‍, എം.എല്‍. ആഷ്‌കുമാര്‍, കെ.പി. രാജേഷ്, കെ. ജുബിഷ്, വനിതാ പ്രിവന്റീവ് ഓഫീസര്‍ ഷൈനി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. രജുല്‍, എം.ഒ. രജിന്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *