ടെക്‌നോപാര്‍ക്കില്‍ 11-ാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ നടന്നുമേഘ്‌ന എം, വിഷ്ണു പ്രദീപ് എന്നിവര്‍ ജേതാക്കള്‍

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകള്‍ക്കായുള്ള ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ (എംഎംകെഎസ്) മത്സരത്തിന്റെ പതിനൊന്നാമത് ഗ്രാന്‍ഡ് ഫിനാലെ കേരളപ്പിറവി ദിനത്തില്‍ ടെക്‌നോപാര്‍ക്കില്‍ നടന്നു. ഐടി പ്രൊഫഷണലുകള്‍ക്കായുള്ള കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ടെക്‌നോപാര്‍ക്ക് ടുഡേ ആണ് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമായി ഈ പരിപാടി സംഘടിപ്പിച്ചത്.

മത്സരത്തിന്റെ ഫൈനലില്‍ സി-ഡിറ്റിലെ മേഘ്‌ന എം ‘മലയാളി മങ്ക’യായും, ആമസോണ്‍ ജീവനക്കാരനായ വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ 2026’ ആയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ഈ മത്സരം ഐടി പ്രൊഫഷണലുകളുടെ ആത്മവിശ്വാസം, വ്യക്തിത്വം, സര്‍ഗാത്മകത എന്നിവ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു.

25 മത്സരാര്‍ഥികളാണ് കിരീട പോരാട്ടത്തിനായി ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് തുടങ്ങി കേരളത്തിലെ പ്രധാന ഐടി പാര്‍ക്കുകളില്‍ നിന്നായി ഏകദേശം 600-ഓളം പേരാണ് മത്സരിച്ചത്.

മലയാളി മങ്ക വിഭാഗത്തില്‍ ഓസ്പിന്‍ ടെക്‌നോളജീസിലെ ആതിര ബി. നായര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും, നിരാ സിസ്റ്റംസിലെ ആര്‍ഷ എ.യു സെക്കന്റ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. കേരള ശ്രീമാന്‍ വിഭാഗത്തില്‍ സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സിലെ അഭിജിത്ത് വിജയന്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും, ടെക് വെര്‍സന്റ് ഇന്‍ഫോടെക്കിലെ കാര്‍ത്തിക് മാണിക്കം സെക്കന്റ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരാര്‍ഥികളുടെ വ്യക്തിഗത കഴിവുകളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനായി നിരവധി പ്രത്യേക പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ടിസിഎസിലെ രോഹിണി വി ‘ബെസ്റ്റ് ഹെയര്‍’ അവാര്‍ഡും, ഇക്വിഫാക്‌സിലെ അഖില ബി ‘ബെസ്റ്റ് സ്‌കിന്‍’ അവാര്‍ഡും, ഗൈഡ്ഹൗസിലെ നുസ്‌റത്ത് ‘ബെസ്റ്റ് ഐസ്’ അവാര്‍ഡും, ടിസിഎസിലെ അരുണ്‍ മോഹന്‍ ‘ബെസ്റ്റ് അപ്പിയറന്‍സ് അവാര്‍ഡും നേടി. അലയന്‍സ് ടെക്‌നോളജിയിലെ അമല ജോര്‍ജ് ‘ബെസ്റ്റ് ക്രിയേറ്റര്‍’, ‘ബെസ്റ്റ് ഫിസിക്’ എന്നീ അവാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ അലയന്‍സ് സര്‍വീസസിലെ അമല്‍ സജീവ് ‘ബെസ്റ്റ് സ്‌മൈല്‍’ അവാര്‍ഡ് നേടി.

നിരാ സിസ്റ്റംസിലെ ആര്‍ഷ എ.യു (‘ബെസ്റ്റ് വാക്ക്’), ഗൈഡ്ഹൗസിലെ രേഷ്മ ബി (‘ബെസ്റ്റ് മലയാളം’), യുഎസ്ടി-യിലെ സൗമ്യ ഗിരിജ (‘ഓഡിയന്‍സ് ചോയ്‌സ്’) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

അശ്വതി പിള്ള, പ്രജീഷ് നിര്‍ഭയ, അജയ് ജ്യോതികുമാര്‍ എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിധികര്‍ത്താക്കള്‍. രശ്മി മാക്‌സിം, ശോഭ വിശ്വനാഥ്, ‘മിസ് കേരള 2026’ വിജയി ചിത്രാംബരി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

കേരളത്തിന്റെ പരമ്പരാഗത മൂല്യങ്ങളെയും ഐടി സമൂഹത്തിന്റെ ആധുനിക മനോഭാവത്തെയും ഒന്നിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ പരിപാടിയിരുന്നു ‘മലയാളി മങ്ക-കേരള ശ്രീമാന്‍’. പരമ്പരാഗത വസ്ത്രധാരണം, സ്റ്റേജ് പ്രകടനങ്ങള്‍, വ്യക്തിത്വം, സര്‍ഗാത്മക ആവിഷ്‌കാരം എന്നിവയിലൂടെ ഐടി പ്രൊഫഷണലുകളുടെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാംസ്‌കാരിക തനിമ ആഘോഷിക്കാനും ഈ പരിപാടി വേദിയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *