ഉറക്കത്തിലെ ശ്വസന തടസ്സം കണ്ടെത്താന്‍ എഐ? അപ്ഗ്രേഡ് ചെയ്ത സ്ലീപ് അപ്‌നിയഫീച്ചറുമായി സാംസങ് ഗാലക്സി വാച്ചുകള്‍

ഉപയോക്താക്കളുടെ ഉറക്കത്തിലെ ശ്വസന രീതികള്‍ വിശകലനം ചെയ്ത് ശ്വസന തടസ്സങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അപ്ഗ്രേഡ് ചെയ്ത എഐ സ്ലീപ് അപ്നിയ ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാംസങ് സജ്ജമാകുന്നു. സാംസങ്ങിന്റെ കൊറിയന്‍ വെബ്സൈറ്റ് വഴിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ദക്ഷിണ കൊറിയന്‍ മന്ത്രാലയം എന്നിവയുടെ അംഗീകാരം ലഭിച്ച ഈ സാങ്കേതികവിദ്യ ഉറക്കത്തിലെ പ്രശ്‌നങ്ങളുടെ ആവൃത്തി നേരിയത്, ഇടയ്ക്കിടെയുള്ളത്, പതിവുള്ളത് എന്നിങ്ങനെ മൂന്ന് തലങ്ങളായി തരംതിരിച്ച് നല്‍കും.

2026 നവംബറില്‍ ദക്ഷിണ കൊറിയയില്‍ അവതരിപ്പിക്കുന്ന സാംസങ് ഗാലക്സി വാച്ച് അള്‍ട്രാ 2, ഗാലക്സി വാച്ച് 9, ഗാലക്സി റിംഗ് എന്നിവയിലാണ് ഈ ഫീച്ചര്‍ ആദ്യമായി ലഭ്യമാകുക. അമേരിക്കന്‍ വിപണിയിലും ഉടന്‍ തന്നെ ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ 10 ദിവസത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും (അഞ്ച് മണിക്കൂറില്‍ കൂടുതല്‍) വാച്ച് ധരിച്ച് ഉറങ്ങുമ്പോള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് സാംസങ് ഹെല്‍ത്ത് ആപ്പില്‍ കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
പുതിയ അപ്ഗ്രേഡ് വരും ദിവസങ്ങളില്‍ പഴയ മോഡലുകളായ ഗാലക്സി വാച്ച് അള്‍ട്രാ, ഗാലക്സി വാച്ച് 8 ക്ലാസിക്, ഗാലക്സി വാച്ച് 7 എന്നിവയിലേക്കും വ്യാപിപ്പിച്ചേക്കും. ഈ ഉപകരണങ്ങളില്‍ വേര്‍ ഒഎസ് 7 അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഗാലക്സി വാച്ച് 4, ഗാലക്സി വാച്ച് 5, ഗാലക്സി വാച്ച് 6 എന്നീ മോഡലുകളില്‍ ഈ പുതിയ സാങ്കേതികവിദ്യ ലഭ്യമാകില്ലെന്ന് സാംസങ് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ റിലീസ് തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും.

അതേസമയം, സ്മാര്‍ട്ട് വാച്ചിലെ ഈ വിവരങ്ങള്‍ ഒരു തരത്തിലും അന്തിമ മെഡിക്കല്‍ രോഗനിര്‍ണയമായി കണക്കാക്കരുതെന്നും ഗുരുതരമായ ശ്വസന തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ സേവനം തേടണമെന്നും സാംസങ് ഓര്‍മ്മിപ്പിക്കുന്നു. ആപ്പിള്‍ വാച്ചിലെ സ്ലീപ് അപ്നിയ ട്രാക്കിംഗിന് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന വിധത്തിലാണ് സാംസങ് ഈ പുതിയ എഐ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *