2028 മുതല്‍ പത്താം ക്ലാസ് പരീക്ഷാ രീതി മാറും!സി.ബി.എസ്.ഇയുടെ നിര്‍ണായക പ്രഖ്യാപനം

2028ലെ സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പുതിയ പരീക്ഷാ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ മാറ്റമനുസരിച്ച് അഞ്ച് നിര്‍ബന്ധിത വിഷയങ്ങള്‍ക്ക് പുറമെ ഓപ്ഷണലായി ഒരു സ്‌കില്‍ (നൈപുണ്യ) പേപ്പര്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍, സ്‌കില്‍ പേപ്പറില്‍ ലഭിക്കുന്ന മാര്‍ക്ക് പകരം ഉപയോഗിച്ച് പരീക്ഷ ജയിക്കാന്‍ ഈ പുതിയ രീതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.

രണ്ട് ഭാഷാ വിഷയങ്ങള്‍, മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയാണ് പ്രധാന ബോര്‍ഡ് പരീക്ഷാ വിഷയങ്ങള്‍. ഇതിന് പുറമെ ‘കൗശല്‍ വികാസ്’ അല്ലെങ്കില്‍ സി.ബി.എസ്.ഇ അംഗീകരിച്ച 22 സ്‌കില്‍ വിഷയങ്ങളില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് മുതലായവ) ഏതെങ്കിലും ഒന്ന് വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷണലായി തിരഞ്ഞെടുക്കാവുന്നതാണ്. സ്‌കില്‍ പേപ്പര്‍ ബോര്‍ഡ് പരീക്ഷ എഴുതി വിജയിക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പാഠ്യപദ്ധതിയിലും പ്രകടമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2026-27 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ‘ഇന്‍ഡിവിജ്വല്‍സ് ഇന്‍ സൊസൈറ്റി’, സി.ടി & എ.ഐ മൊഡ്യൂളുകള്‍ എന്നിവ ഇനി ഉണ്ടാകില്ല. കൂടാതെ 2027-28 ലെ പത്താം ക്ലാസ് ബാച്ചിന് എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ വിഷയവും ഒഴിവാക്കിയിട്ടുണ്ട്.

2026-27 വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ പ്രവേശിക്കുന്ന (2028ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന) ബാച്ചിനാണ് ഈ പുതിയ നിയമങ്ങള്‍ ബാധകമാകുന്നത്. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പത്താം ക്ലാസ് ബാച്ചിന് ഈ മാറ്റങ്ങള്‍ ബാധകമല്ലെന്നും പഴയ രീതി തന്നെ തുടരുമെന്നും സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടര്‍ പ്രഗ്യ എം. സിങ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *