കൊച്ചി: ക്ലിനിക്കല്‍ സേവനങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളില്‍ അത്യാധുനിക ഏകോപിത എഐ സംവിധാനം നടപ്പാക്കാനൊരുങ്ങി ബേബി മെമ്മോറിയല്‍ (ബിഎംഎച്ച്) ഗ്രൂപ്പ്.
കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായുള്ള ഒന്‍പത് ആശുപത്രികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. രോഗികള്‍ക്ക് വേഗതയേറിയതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ക്കായുള്ള എഐ ആപ്ലിക്കേഷനുകളെ ഒരൊറ്റ ഏകോപിത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും. വിവിധ വകുപ്പുകളിലെ ചികിത്സാ രേഖകള്‍, റേഡിയോളജി-ലാബ് പരിശോധനാ ഫലങ്ങള്‍, ഐസിയു വിവരങ്ങള്‍, ഡിസ്ചാര്‍ജ് രേഖകള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍, ബാക്ക്-ഓഫീസ് ഭരണനിര്‍വഹണം തുടങ്ങിയവയ്‌ക്കെല്ലാം ഏകോപിത എഐ സംവിധാനം ഉപയോഗിക്കും. ഇതിലൂടെ എളുപ്പത്തിലുള്ള ഡോക്യൂമെന്റഷന്‍, ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കുറഞ്ഞ കാത്തിരിപ്പ് സമയം, മികച്ചതും ഏകോപിതവുമായ ചികിത്സ എന്നിവ ഉറപ്പാക്കാന്‍ സാധിക്കും.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഡീപ്ഇന്‍ഫിനിറ്റി.എഐ’യുമായി (DeepInfinity.AI) സഹകരിച്ചാണ് പുതിയ സംവിധാനം സജ്ജമാക്കുന്നത്. ആരോഗ്യ സേവന, രോഗനിര്‍ണയ മേഖലകളില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന യുകെ-ഇന്ത്യ ഡയഗ്‌നോസ്റ്റിക് കോഹോര്‍ട്ട് മിഷന്‍ 2026 പരിപാടിയിലാണ് സഹകരണം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഇന്ത്യ സൗത്ത് ഏഷ്യ ട്രേഡ് കൗണ്‍സിലര്‍ മാര്‍ക്ക് ബിസ്സല്ലിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇരുരാജ്യങ്ങളുടെയും സാങ്കേതിക മുന്നേറ്റത്തിനും വികസനത്തിനും വഴിയൊരുക്കുന്നതാണ് സഹകരണമെന്ന് ഹര്‍ജിന്ദര്‍ കാങ് പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നതും ആശുപത്രി സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്നതുമാണ് ഏകോപിത എഐ സംവിധാനമെന്ന് ബിഎംഎച്ച് ഗ്രൂപ്പ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. അനൂപ് വാര്യര്‍ പറഞ്ഞു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ എഐ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമാണെന്ന് ഡീപ്ഇന്‍ഫിനിറ്റി.എഐ സഹസ്ഥാപകനും സിഇഒയുമായ രാമകൃഷ്ണ ബോയ പറഞ്ഞു. രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ക്ക് ഒരു മികച്ച മാതൃകയായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.