ആന്ധ്രയില്‍ ചുഴലിക്കാറ്റ് ഭീതി! വിമാനത്താവളങ്ങള്‍ അടച്ചു; 13-ലേറെ സര്‍വീസുകള്‍ റദ്ദാക്കി

അമരാവതി: ആന്ധ്രാപ്രദേശില്‍ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യോമഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തീരദേശ മേഖലകളില്‍ പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സര്‍വീസുകളുടെ നിലവിലെ വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

മണിക്കൂറില്‍ 125 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുന്ന സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രക്ഷുബ്ധമായ കാലാവസ്ഥയെ തുടര്‍ന്ന് വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഡല്‍ഹി-ഭോഗപുരം, ഡല്‍ഹി-വിജയവാഡ സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ, രാജമുന്ദ്രി വിമാനത്താവളങ്ങളിലും പ്രവേശനം തടസ്സപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദ്, ബെംഗളൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കുള്ള 13 സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ വാരണാസിബാങ്കോക്ക്, ബാങ്കോക്ക്‌വിശാഖപട്ടണം അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. നഗരങ്ങളില്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ റോഡ് ഗതാഗതവും പ്രതിസന്ധിയിലാണ്. വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി വിമാനങ്ങളുടെ സമയക്രമം ഉറപ്പാക്കിയ ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്ന് നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *