കുവൈത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ഹവല്ലി ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് 52 പാക്കറ്റ് ‘ഷാബു’ എന്ന മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകള്‍ക്കിടയിലാണ് പ്രതി വലയിലായത്.
മുശ്രിഫ് മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മരങ്ങള്‍ക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ വലിച്ചെറിഞ്ഞ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ മയക്കുമരുന്ന് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താമസസ്ഥലത്തുനിന്നും കൂടുതല്‍ പാക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു.
മണ്ണിനടിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം ആ സ്ഥലത്തിന്റെ ഡിജിറ്റല്‍ ലൊക്കേഷന്‍ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് അയച്ചുനല്‍കുന്ന വേറിട്ട രീതിയായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരവും തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.