ഒപ്പുമിട്ടില്ല, എസ്.എം.എസും വന്നില്ല! അക്കൗണ്ടുകളില്‍ നിന്ന് 35 കോടിയോളം രൂപ അപ്രത്യക്ഷമായി; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയോ ചെയ്യുമ്പോള്‍ ബാങ്കില്‍ നിന്ന് ലഭിക്കേണ്ട എസ്.എം.എസ് സന്ദേശങ്ങളോ അറിയിപ്പുകളോ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് തട്ടിപ്പിനിരയായ ഉപഭോക്താക്കള്‍ പറയുന്നു

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നോയിഡ ശാഖയില്‍ നിന്ന് ഉപഭോക്താക്കള്‍ അറിയാതെ അക്കൗണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ അപ്രത്യക്ഷമായതായി പരാതി. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമായി 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെയുള്ള ബാങ്ക് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

ഗ്രേറ്റര്‍ നോയിഡയിലെ ഐച്ചാര്‍ പ്രദേശത്തുള്ള ശാഖയിലാണ് സംഭവം. 2025 ഏപ്രിലില്‍ ആണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയോ ചെയ്യുമ്പോള്‍ ബാങ്കില്‍ നിന്ന് ലഭിക്കേണ്ട എസ്.എം.എസ് സന്ദേശങ്ങളോ അറിയിപ്പുകളോ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് തട്ടിപ്പിനിരയായ ഉപഭോക്താക്കള്‍ പറയുന്നു.

സന്തോഷ് എന്ന സ്ത്രീക്ക് ഭൂമി ഏറ്റെടുക്കലിന് ലഭിച്ച നഷ്ടപരിഹാര തുകയായ 1.29 കോടി രൂപയില്‍ 1.18 കോടിയോളം രൂപ ഒറ്റയടിക്ക് നഷ്ടമായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 88 ലക്ഷത്തോളം രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ ഇപ്പോള്‍ വെറും ഒരു ലക്ഷം രൂപ മാത്രമാണ് ബാലന്‍സുള്ളതെന്ന് കര്‍ഷകനായ വിജേന്ദ്ര സിങ് പറഞ്ഞു. 39 ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരു ഉപഭോക്താവായ ഹനീഫ് ഖാന്‍, താന്‍ യാതൊരു ഫോമിലും ഒപ്പിടുകയോ ബാങ്ക് സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം പലരും അറിഞ്ഞത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *