പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് തടയാന്‍ കേരള പൊലീസിന്റെ പ്രത്യേക പരിശോധന. ഉത്തരമേഖലയില്‍ രാത്രി നടത്തിയ പരിശോധനയില്‍ നാലു ജില്ലകളിലായി 55 കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് നഗരത്തിലും റൂറല്‍ ജില്ലയിലുമായി 23 പേര്‍ക്കെതിരെയാണ് നടപടി. കണ്ണൂരില്‍ 18, കാസര്‍കോട് 13, വയനാട് ഒരാള്‍ എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ചേരാനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ നാലുവരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് (എസ്ബിആര്‍) തയ്യാറാക്കും. ഇവരുടെ വിവരങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള വാഹന ഉടമകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. നിയമലംഘനത്തിന് വാഹന ഉടമകള്‍ക്ക് 25,000 രൂപ പിഴയും തുടര്‍നടപടികളും നേരിടേണ്ടിവരുമെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന ആര്‍സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുകയും അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുകയാണ് പരിശോധനയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കളും ഉടമകളും നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടുണ്ട്. റോഡുസുരക്ഷ ഉറപ്പാക്കാന്‍ നിയമലംഘകര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പരിശോധന