കൊച്ചി: അഴിമതി രഹിത ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും നടത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ മുന്‍നിര പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ബിപിസിഎല്‍) വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന് തുടക്കമായി. മുംബൈയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനിയുടെ ചീഫ് വിജിലന്‍സ് ഓഫീസറായി ഡോ. ശാലിനി വര്‍മ ചുമതലയേറ്റു. ബിപിസിഎല്‍ എച്ച്ആര്‍ വിഭാഗം ഡയറക്ടര്‍ പുഷ്പ് കുമാര്‍ നയര്‍, വിജിലന്‍സ് വിഭാഗം സിജിഎം വെങ്കട്ടരാമന്‍ അയ്യര്‍, ബിസിനസ് യൂണിറ്റുകളുടെ മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ‘സമൃദ്ധിക്ക് നേര്‍വഴി’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തവണത്തെ വിജിലന്‍സ് വാരാഘോഷം നവംബര്‍ 1വരെ ബിപിസിഎല്ലിന്റെ മുഴുവന്‍ റിഫൈനറികളിലും ബിസിനസ് അനുബന്ധ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. അഴിമതി, ക്രമക്കേട്, സ്ഥാപനത്തിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്നിവ തടയുന്നതിനും ഇത്തരത്തിലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
ബിസിനസ്, ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ സുതാര്യതയോടെ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് നിയുക്ത ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. ശാലിനി വര്‍മ പറഞ്ഞു. ധാര്‍മിക ബിസിനസ് പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിര വളര്‍ച്ച കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഇതിനായി മുഴുവന്‍ ജീവനക്കാരുടെ സഹകരണം അനിവാര്യമാണെന്നും ഡോ. ശാലിനി വര്‍മ കൂട്ടിച്ചേര്‍ത്തു. സ്വന്തം ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് കമ്പനിയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഓരോ ജീവനക്കാരനെയും പര്യാപ്തമാക്കുകയെന്നതാണ് വിജിലന്‍സ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിപിസിഎല്‍ എച്ച്ആര്‍ വിഭാഗം ഡയറക്ടര്‍ പുഷ്പ് കുമാര്‍ നയര്‍ പറഞ്ഞു. ബിപിസിഎല്‍ വിജിലന്‍സ് മാന്വലിന്റെ ഈവര്‍ഷത്തെ പതിപ്പും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ സര്‍ക്കുലറുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു.