കുട്ടിത്താരം ചെസ്സ് ബോര്‍ഡില്‍ മുഖ്യമന്ത്രിക്ക് എതിരാളിയായി; ആരാധ്യക്ക് അഭിനന്ദനവുമായി വി.ഡി. സതീശന്‍

കോമണ്‍വെല്‍ത്ത് സ്‌കൂള്‍സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും ഒരു വെങ്കലവും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഏഴുവയസ്സുകാരി ആരാധ്യ കൊമ്മേരി രജനീഷ് മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ നേടിയ ചരിത്രവിജയത്തിന്റെ സന്തോഷം പങ്കുവെക്കാനെത്തിയ കൊച്ചു മിടുക്കിയുടെ ആഗ്രഹപ്രകാരം മുഖ്യമന്ത്രി അവളോടൊപ്പം ചെസ്സ് കളിക്കുകയും ചെയ്തു.

മലേഷ്യയില്‍ നടന്ന 2026-ലെ കോമണ്‍വെല്‍ത്ത് സ്‌കൂള്‍സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-7 ഗേള്‍സ് വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആരാധ്യ മികച്ച വിജയം നേടിയത്. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണവും വെങ്കലവും ഉള്‍പ്പെടെ ആകെ അഞ്ച് സ്വര്‍ണവും ഒരു വെങ്കലവുമാണ് ഈ കൊച്ചു മിടുക്കി നേടിയത്. കണ്ണൂര്‍ പാതിരിയാട് സ്വദേശിയായ ആരാധ്യ അഞ്ചരക്കണ്ടി കുന്നിരിക്ക യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

തന്റെ മുന്നിലെത്തിയ കുട്ടിത്താരത്തെ സ്‌നേഹത്തോടെ സ്വീകരിച്ച മുഖ്യമന്ത്രി, തുടര്‍ന്ന് ചെസ്സ് ബോര്‍ഡില്‍ അവളുടെ നീക്കങ്ങള്‍ക്ക് കരുനീക്കി പ്രോത്സാഹനമേകി. ആരാധ്യയുടെ നേട്ടം കേരളത്തിന് ആകെ അഭിമാനമാണെന്നും ഭാവിയില്‍ കൂടുതല്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചെറുപ്രായത്തില്‍ത്തന്നെ ചെസ്സ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് ആരാധ്യ സ്വന്തമാക്കിയിട്ടുള്ളത്. നാല് തവണ കേരള സ്റ്റേറ്റ് അണ്ടര്‍-7 ഗേള്‍സ് ചെസ്സ് ചാമ്പ്യനായ ആരാധ്യ, ദേശീയ അണ്ടര്‍-7 ചാമ്പ്യന്‍ഷിപ്പില്‍ 148 താരങ്ങളോട് മത്സരിച്ച് ഏഴാം സ്ഥാനം നേടിയിരുന്നു. കൂടാതെ ദേശീയ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്ഥാനവും, സംസ്ഥാന അണ്ടര്‍-9 വിഭാഗത്തിലെ വെങ്കല മെഡലും, കണ്ണൂര്‍ ജില്ലാ വനിതാ ചെസ്സ് ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. രജനീഷിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് ആരാധ്യ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *