പത്താമുദയത്തിന് തുടക്കമായി ; കോലത്തുനാട്ടില്‍ ഇനി തെയ്യക്കാലം

പാലക്കുന്ന് : കോലത്തുനാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന്റെ ആരവമുയരുകയായി. രണ്ടിലേറെ മാസമായി വിശ്രമത്തിലായിരുന്നു തെയ്യക്കോലധാരികളും ചെണ്ടമേളക്കാരും. അവര്‍ക്ക് കുലത്തൊഴിലിന് പുറമെ അനുഷ്ഠാനപരമായ ദൗത്യ നിര്‍വഹണം കൂടിയാണ് തെയ്യാട്ടങ്ങള്‍. തുലാംപത്ത് മുതല്‍ കളിയാട്ടങ്ങള്‍ക്കും ഒറ്റക്കോല ഉത്സവങ്ങള്‍ക്കും തുടക്കമാകും. രൗദ്ര, സൗമ്യ ഭാവങ്ങളുള്ള തെയ്യങ്ങളാണ് കോലത്ത് നാട്ടിലെ വിവിധ സ്ഥാനങ്ങളില്‍ കെട്ടിയാടുക. ഓരോ തെയ്യക്കോലവും മുഖത്തെഴുത്തിലും മുടിയിലും ആടയാഭരണങ്ങളിലും വ്യത്യസ്തമാണ്.
നാട് വളര്‍ന്ന് വലുതാകുമ്പോഴും നാട്ടിന്‍പുറം പഴയ അനുഷ്ഠാന സംഭവങ്ങള്‍ തെയ്യാട്ടങ്ങളിലൂടെ കാത്തു സൂക്ഷിച്ചു വരികയാണ്.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയത്തിന് പ്രാരംഭമായി തുലാസംക്രമ നാളില്‍ കുലകൊത്തിയിരുന്നു. 26 ന് രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് കെട്ടിച്ചുട്ടിയ
നര്‍ത്തകരും തിരുവായുധങ്ങളും തിടമ്പുകളുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. 27 ന് രാവിലെ കലശാട്ട്, കൊടിയിലവെക്കല്‍, നിവേദ്യസമര്‍പ്പണവും പൂര്‍ത്തിയാക്കി പത്താമുദയ എഴുന്നള്ളത്തുണ്ടാകും. പുത്തരി സദ്യയാണ് ഇവിടെ പ്രധാനം. നാടിന്റെ നാന ഭാഗങ്ങളില്‍ നിന്ന് ജാതി മത ഭേദമന്യേ ആയിരങ്ങള്‍ ക്ഷേത്രത്തില്‍ പുത്തരിയുണ്ണാനെത്തും. കഴിഞ്ഞ വര്‍ഷം
ആറായിരത്തില്‍ പരം പേര്‍ പുത്തരി പായസവും സദ്യയുമുണ്ണാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു വെന്നും ഇത്തവണ അതില്‍ വര്‍ധനവുണ്ടാകുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍,
ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥും അറിയിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന കരിപ്പോടി പ്രാദേശിക സമിതിയുടെ സഹകരണത്തോടെയാണ് പതിവായി ഈ ദിവസം പുത്തരി പായസവും സദ്യയും ഒരുക്കുന്നത്.
തൊട്ടപ്പുറത്തെ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പുത്തരി സദ്യ അവിടെ എത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈകിട്ട് തിരിച്ചെഴുന്നള്ളത്തോടെ ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന ആദ്യ ഉത്സവത്തിന് സമാപനം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *