ഇരട്ട ഗിന്നസ് റെക്കോര്‍ഡ് നേടി ജോയ്ആലുക്കാസിന്റെ കൂറ്റന്‍ ‘മയൂര സഹസ്ര’ കമ്മലുകള്‍

കൊച്ചി: ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്വര്‍ണക്കമ്മലുകള്‍ നിര്‍മിച്ച്
ഇരട്ട ഗിന്നസ് റെക്കോര്‍ഡ് നേടി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. 22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച കമ്മലുകളുടെ ആകെ തൂക്കം 16.514 കിലോഗ്രാമാണ്. ഇന്ത്യന്‍ മയിലിന്റെ സൗന്ദര്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത കമ്മലുകള്‍ക്ക് ‘ആയിരം മയിലുകള്‍’ എന്ന അര്‍ഥം വരുന്ന ‘മയൂര സഹസ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. പരമ്പരാഗത ജിമിക്കി ശൈലിയിലുള്ള കമ്മലുകള്‍ 55 കലാകാരന്മാര്‍ 5,840 മണിക്കൂറിലധികം സമയമെടുത്താണ് നിര്‍മിച്ചത്. കമ്മലുകള്‍ ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്ടിലെ ജോയ്ആലുക്കാസിന്റെ ‘ജ്യുവല്‍ ഓഫ് ജോയ്’ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചു.

മുന്‍ ലോക റെക്കോഡിനേക്കാള്‍ അഞ്ചിരട്ടിയിലധികം ഭാരമാണ് ‘മയൂര സഹസ്ര’ കമ്മലുകള്‍ക്കുള്ളത്. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി കമ്മലുകള്‍ അനാഛാദനം ചെയ്തു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രതിനിധി രണ്ട് റെക്കോര്‍ഡുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസിനും ജോയ്ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോണ്‍ പോള്‍ ആലുക്കാസിനും കൈമാറി. ദുബായ് നഗരത്തിനുള്ള ആദരമാണ് ഈ കമ്മലെന്നും, നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ജീവനക്കാര്‍ക്കായി റെക്കോര്‍ഡ് സമര്‍പ്പിക്കുന്നെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

കമ്മലുകള്‍ വില്‍പ്പനയ്ക്കുള്ളതല്ലെങ്കിലും, ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്ടിലെ
ഷോറൂമില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെ സൗജന്യമായി കാണാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *