കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശപ്രകാരം ബാലനീതി, പോക്സോ, ആര്‍.ടി.ഇ. കര്‍ത്തവ്യവാഹകരുടെ അവലോകന യോഗം കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ബി. മോഹന്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കാന് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ അവകാശങ്ങള്‍ മാത്രമല്ല ഉത്തരവാദിത്തങ്ങള്‍ കൂടിയാണെന്നും ‘ചിരി’, ‘ഹോപ്പ്’ പോലെയുള്ള പോലീസുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കുട്ടികളിലേക്കും എത്തിക്കാന്‍ കഴിയണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ.കെ. ഷാജു നിര്‍ദ്ദേശിച്ചു.
രണ്ട് സെഷനുകളിലായാണ് യോഗം സംഘടിപ്പിച്ചത്. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, സുരക്ഷ, അവകാശസംരക്ഷണം എന്നിവയുമായി
ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നിലവില്‍ നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
ജനിക്കുന്ന കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള ഡി.ഐ.സി സെന്റര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാക്സിനേഷന് വിമുഖത കാണിക്കുന്ന രക്ഷിതാക്കളെ ബോധത്ക്കരിക്കുന്നതിനായി മാസ് മീഡിയ ഓഫീസര്‍മാര്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് തെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപുകള്‍ നല്‍കുന്ന പദ്ധതിയും കൊഴിഞ്ഞ് പോക്ക് തടയാനുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. സ്‌കൂളുകളില്‍ ലിംഗ സമത്വം ഉറപ്പാക്കാന്‍ ജന്റര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എസ്.എസ്.കെ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
മാനസീകാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെ മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ കുറവാണെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യമാണെന്നും യോഗത്തില്‍ ചര്‍ച്ചചെയ്തു. ജില്ലയില്‍ നിലവില്‍ ഡി അഡിക്ഷന്‍ സെന്റര്‍ ഇല്ലെന്ന വിഷയം ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സഹജീവനം സ്നേഹ ഗ്രാമത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് താല്‍ക്കാലിക താമസം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
പോക്സോ കേസുകളുമായി മുന്നോട്ട് പോകാന്‍ രക്ഷിതാക്കള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കുടുംബങ്ങളിലെ പ്രശ്നങ്ങളും കുട്ടികളെ ബാധിക്കുന്നുണ്ടെന്നും ചൈല്‍ഡ് ലൈന്‍ പ്രതിനിധി അറിയിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിരവധി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.സി. ബിജേഷ്, സി.ഡബ്ല്യു.സി. ചെയര്‍പേഴ്സണ്‍ അഡ്വ. രേണുകദേവി തങ്കച്ചി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. എ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.