ചായ്യോത്ത് സ്‌കൂളില്‍നിന്ന് ജില്ലയിലെ കായികതാരങ്ങളുടെ അകമ്പടിയോടെനീങ്ങിയ ദീപശിഖാ പ്രയാണത്തിന് ആദ്യ സ്വീകരണ കേന്ദ്രമായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വരവേല്‍പ്പ് നല്‍കി.
നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറിയില്‍ സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ താരം എസ്.കെ ചൈത്രജിത്ത് ദീപശിഖ ഏറ്റുവാങ്ങി. സ്വീകരണ ചടങ്ങ് നീലേശ്വരം നഗരസഭ അധ്യക്ഷന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, പി.ടി.എ വൈസ് പ്രസിഡന്റ് വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധാമണി സ്വാഗതവും പ്രധാനാധ്യാപിക കല ശ്രീധര്‍ നന്ദിയും പറഞ്ഞു.
പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്വീകരണ പരിപാടി സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര കായികതാരം റസ്വിന്‍ രാജ്, അഭിരാം, അഭിനവ് എന്നിവരില്‍നിന്ന് എം.എല്‍.എ ദീപശിഖ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് പുത്തിലോത്ത് അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ കുഞ്ഞിമുഹമ്മദ്, അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ രമേശന്‍ പുന്നത്തിരിയ, ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഷൗക്കത്തലി, സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ ലത എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി സുചിത്ര സ്വാഗതവും കണ്‍വീനര്‍ കെ ബിജു നന്ദിയും പറഞ്ഞു.
പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്വീകരണത്തിന് ശേഷം ദീപശിഖ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍നിന്ന് സ്റ്റേറ്റ് അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങി കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം ഒക്ടോബര്‍ 25ന് ദീപശിഖ കോഴിക്കോട് ബീച്ചിലെത്തും. തിരുവനന്തപുരത്തു നിന്നുള്ള സ്വര്‍ണക്കപ്പ്/ട്രോഫി ഘോഷയാത്രയുമായി സംഗമിച്ച ശേഷം നഗരപ്രദക്ഷിണം നടത്തി പ്രധാന വേദിയായ എന്‍.ഐ.ടിയിലേക്ക് പ്രവേശിക്കും.