രാജപുരം (കാസര്‍ഗോഡ്): കമ്പ്യൂട്ടേഷണല്‍ ബയോളജി, കെമോഇന്‍ഫോര്‍മാറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ഡ്രഗ് ഡിസ്‌കവറി, മൈക്രോബയോളജി എന്നീ മേഖലകളിലെ ശ്രദ്ധേയമായ ഗവേഷണ സംഭാവനകള്‍ പരിഗണിച്ച് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്. ബയോഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് ഡ്രഗ് ഡിസ്‌കവറി സൊസൈറ്റി ഏര്‍പ്പെടുത്തിയ 2026 ലെ ദേശീയ യുവശാസ്ത്രജ്ഞ പുരസ്‌കാരം ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി.
കര്‍ണാടകയിലെ മൈസൂരുവിലുള്ള നടന്ന അന്താരാഷ്ര കോണ്‍ഫെറെന്‍സില്‍ വച്ച് ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ആദരപത്രം, പ്രശസ്തിപത്രം, സ്മാരകോപഹാരം, ക്യാഷ് അവാര്‍ഡ് എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. നാഷണല്‍ സയന്‍സ് ചെയര്‍, ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ പ്രൊഫസര്‍, ശാസ്ത്ര-സാങ്കേതിക ഗവേഷണ ബോര്‍ഡിന്റെ (സെര്‍ബ്) വിശിഷ്ട ഫെലോ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. ടി. പി. സിംഗ് മാര്‍ഗദര്‍ശകനായ സെലക്ഷന്‍ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി ഡോ. സിനോഷ് സ്‌കറിയാച്ചനെ തിരഞ്ഞെടുത്തത്.
മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ക്കെതിരെ സാധ്യതയുള്ള ചികിത്സാ തന്മാത്രകളെ കമ്പ്യൂട്ടേഷണല്‍ രീതികളിലൂടെ കണ്ടെത്തല്‍, രോഗാണുക്കളില്‍നിന്നുള്ള ഔഷധലക്ഷ്യങ്ങളുടെ മാതൃകാനിര്‍മാണവും സ്വഭാവനിര്‍ണയവും, സമുദ്രസ്പോഞ്ചുകളുമായി സഹജീവിതം പുലര്‍ത്തുന്ന ബാക്ടീരിയകളില്‍നിന്ന് പുതിയ ബയോആക്റ്റീവ് സംയുക്തങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങിയ മേഖലകളിലെ ഗവേഷണ സംഭാവനകളാണ് ഈ അംഗീകാരത്തിന് അര്‍ഹമായത്. കമ്പ്യൂട്ടേഷണല്‍ ബയോളജിയുടെയും ഔഷധ കണ്ടെത്തല്‍ ഗവേഷണത്തിന്റെയും വിവിധ മേഖലകളെ സംയോജിപ്പിച്ചുള്ള അദ്ദേഹത്തിന്റെ മറ്റ് അന്തര്‍വിഷയ പഠനങ്ങളും പുരസ്‌കാരനിര്‍ണയത്തില്‍ പരിഗണിക്കപ്പെട്ടു. ഈ വിഷയങ്ങളില്‍150-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 3,000-ത്തിലധികം സൈറ്റേഷനുകളും ലഭിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്നമായി തുടരുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് നേരിടുന്നതിനും ഗവേഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ അംഗീകാരം പ്രേരണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയും എല്‍സിവിയര്‍ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ മൂന്നാം തവണയും ഇടം നേടിയ ഡോ. സിനോഷ് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പരേതനായ വട്ടകുടിയില്‍ വി.വി. സ്‌കറിയാച്ചന്റെയും ജാന്‍സി സ്‌കറിയാച്ചന്റെയും മകനാണ് ഡോ. സിനോഷ് സ്‌കറിയാച്ചന്‍. ഫാമിലി കൗണ്‍സിലറും കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ. ധന്യ പി. എലിസബത്താണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉജ്വലും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്വലുമാണ് മക്കള്‍. ചെറുപനത്തടി സ്വദേശിയായ ഡോ. സിനോഷ് നിലവില്‍ കാഞ്ഞങ്ങാട് മണലില്‍ താമസിക്കുന്നു.