പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ ജോയ്ആലുക്കാസ് ‘ജ്യുവല്‍ ഓഫ് ജോയ്’ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്/ യുഎഇ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ ‘ജ്യുവല്‍ ഓഫ് ജോയ്’ ദുബായ് ഗോള്‍ഡ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ കീഴിലുള്ള പുതിയ ഷോറൂമിന്റെ ഉദ്ഘാടനം യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി നിര്‍വഹിച്ചു.

ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ വിഷ്ണുവര്‍ധന്‍ റെഡ്ഡി, ഇത്ത്‌റ ദുബായ് സിഇഒ ഇസ്സാം ഗലധാരി, ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്ട് വ്യാപാര വിഭാഗം സീനിയര്‍ ഡയറക്ടര്‍ റാഷിദ് അല്‍ ഹര്‍മൂദി, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ത്വഹിദ് അബ്ദുള്ള, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോണ്‍ പോള്‍ ആലുക്കാസ്, ജോയ്ആലുക്കാസ് കുടുംബാംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം സാധ്യമാകുന്ന തരത്തില്‍, 25000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍, വിവാഹാവശ്യങ്ങള്‍ക്കുള്ള ആഭരണ സെറ്റുകള്‍, വജ്രാഭരണങ്ങള്‍, അപൂര്‍വ രത്‌നങ്ങള്‍ എന്നിങ്ങനെ വിപുലമായ ആഭരണശേഖരമാണ് ഷോറൂമിലുള്ളത്.

ആഭരണങ്ങള്‍ വാങ്ങുന്നതിനൊപ്പം വ്യത്യസ്തമായ അനുഭവങ്ങളും ലഭിക്കുന്ന രീതിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഷോറൂമിന്റെ പ്രധാന ആകര്‍ഷണമായ ‘റോയല്‍ ബാംഗിള്‍ വോക്ക്’, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ വിഷ്ണുവര്‍ധന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഭീമാകാര വളയുടെ മാതൃകയില്‍ ഒരുക്കിയ റോയല്‍ ബാംഗിള്‍ വോക്കിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രവേശിക്കാനും ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാനുമുള്ള സൗകര്യമാണുള്ളത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ഡിസൈനര്‍ സ്റ്റുഡിയോ, സ്വകാര്യതയോടെ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള വിഐപി ലോഞ്ച്, കുട്ടികള്‍ക്കായുള്ള പ്രത്യേക കളിസ്ഥലം, ആഭരണങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമുള്ള വിഭാഗം എന്നിവയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. നാല്‍പതു വര്‍ഷത്തോടടുക്കുന്ന യുഎഇയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികക്കല്ലായാണ് പുതിയ ഷോറൂമിനെ അവതരിപ്പിക്കുന്നതെന്നും രാജ്യത്തെ സ്വര്‍ണവ്യാപാര മേഖലയ്ക്കുള്ള ആദരവാണ് ഷോറൂമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.

ആഭരണ വില്പനയ്ക്കുള്ള ഷോറൂം എന്നതിലുപരി, ജോയ്ആലുക്കാസ് ഗ്രൂപ്പിനെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ദുബായ് നഗരത്തോടുള്ള ആദരവ് കൂടിയാണ് പുതിയ ഷോറൂമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ അതിശയകരമാം വിധം വളര്‍ച്ച കൈവരിച്ച നഗരത്തില്‍ പുതിയ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പാരമ്പരാഗതതനിമയും ആധുനിക മികവും സമന്വയിച്ച ആഭരണ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുന്നതിന്റെ ഭാഗമായാണ് ‘റോയല്‍ ബാംഗിള്‍ വോക്ക്’ സജ്ജീകരിച്ചതെന്നും, ആഗോള ജ്വല്ലറി ഷോപ്പിംഗ് അനുഭവത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുകയും അവര്‍ക്കായി മികച്ചത് നല്‍കുകയും ചെയ്തതിന്റെ ഉത്തമ ഉദാഹരണമാണ് ജ്യുവല്‍ ഓഫ് ജോയ് എന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ആഭരണ വ്യവസായരംഗത്ത് 7 പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജോയ്ആലുക്കാസിന് 13 രാജ്യങ്ങളിലായി ഇരുനൂറിലധികം ഷോറൂമുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *