ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കാന്‍ സുകൃതംചെയ്ത മനസ്സുകള്‍ക്കേ കഴിയൂ: മന്ത്രി യു.ടി. ഖാദര്‍

കാസര്‍കോട്: ജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്ത നിഷ്‌കളങ്ക ജന്മങ്ങളെ ചേര്‍ത്തുപിടിക്കാന്‍ സുകൃതം ചെയ്ത മനുഷ്യര്‍ക്കേ സാധിക്കൂവെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു.

ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലൗ ഷോര്‍ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്കായി മാസ്‌കോ ഫാം റിസോര്‍ട്ടില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ടവരെപ്പോലുള്ളവര്‍ക്ക് പുറംലോകം കാണാനും വിവിധ മേഖലകളില്‍ പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും പരിശ്രമിക്കുന്ന ലൗ ഷോര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്ന് മുഖ്യാതിഥി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പോലുള്ള സന്നദ്ധ സംഘടനകള്‍ ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കാന്‍ കാണിക്കുന്ന മഹാമനസ്‌കത അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം. അഷ്‌റഫ്, മുന്‍ എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന്,.ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര, എം.പി. ഷാഫി ഹാജി, ജാവേദ് യെനെപോയ, ബഹ്‌റൈന്‍ പൗരന്‍ ഖാലിദ് അമീരി, അസീസ് വയനാട്, ഷാഫി പാറക്കട്ട, അഷ്‌റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, മുനീര്‍ എന്നിവര്‍ സംസാരിച്ചു. റസാഖ് വയനാട് നന്ദി പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സദസ്സിന്റെ മനംകവര്‍ന്നു. സ്‌നേഹവും കരുതലും പങ്കുവെച്ച ചടങ്ങ് പങ്കെടുത്തവര്‍ക്ക് ഹൃദ്യമായ അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *