തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരായ മത്സരത്തിന്റെഒന്നാം ഇന്നിംഗ്സില്‍ കേരളം 404 റണ്‍സിന് അവസാനിച്ചു. തുടക്കത്തിലെ തകര്‍ച്ചയെഅതിജീവിച്ച് സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും നേടിയ സെഞ്ചുറികളാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഒഡീഷ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്.
ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയില്‍ പരുങ്ങിയ കേരളത്തെ സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നാണ് കരകയറ്റിയത്.കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു.സച്ചിന്‍ ബേബി 113 റണ്‍സ് നേടി പുറത്തായപ്പോള്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് അസറുദ്ദീന്‍ പുറത്താകാതെ 139 റണ്‍സ് നേടി ഇന്നിംഗ്സിന്റെ നെടുംതൂണായി.ആറിന് 245 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി ആദിത്യ സര്‍വാതെ 53 റണ്‍സ് നേടി അസറുദ്ദീന് മികച്ച പിന്തുണ നല്‍കി.
അഭിജിത് പ്രവീണ്‍ 14, വൈശാഖ് ചന്ദ്രന്‍ 1, നിധീഷ് എം.ഡി 15 റണ്‍സ് നേടി പുറത്തായി.ഒഡീഷയ്ക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം നേടി.രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒഡീഷയുടെ സുബ്രശു 12 റണ്‍സുമായും സന്ദീപ് പണ്ഡ്‌നായിക്ക് 2 റണ്‍സുമായാണ് ക്രീസില്‍.കേരളത്തിനായി ആദിത്യ സര്‍വാതെ 2 വിക്കറ്റും ജലജ് സക്‌സേന 1 വിക്കറ്റും നേടി