മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ്‌കുകള്‍

മത്സ്യവിപണന രംഗത്ത് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയാണ് കേരള സര്‍ക്കാരിന്റെ പുതുതായി നടപ്പിലാക്കിയ മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ് പദ്ധതി.

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങളാണ് ഈ പദ്ധതി വഴി കേരള സര്‍ക്കാര്‍ നല്‍കിയത്്. വര്‍ഷങ്ങളായി കാസര്‍കോട്, ഉപ്പള മാര്‍ക്കറ്റില്‍ മത്സ്യവിപണനം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളായ തങ്ങള്‍ക്ക് ഈ പദ്ധതി വഴി കച്ചവടം മെച്ചപ്പെടുത്താനും വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞതായി ഗുണഭോക്താവായ എസ്. യോഗിനിയും സഹ പ്രവര്‍ത്തകരും പറഞ്ഞു. മാര്‍ക്കറ്റിലെ കച്ചവടത്തിന് ശേഷം ബാക്കി വരുന്ന മീനുകള്‍ ഗ്രാമപ്രദേശങ്ങളില്‍ കൊണ്ടുപോയി വില്‍ക്കാനും ഉപകാരപ്പെടുന്നുണ്ട്. മത്സ്യ വില്‍പനയ്ക്കായുള്ള യാത്ര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വാഹനം ഏറെ പ്രയോജകമായിരിക്കുന്നത്. അതിരാവിലെ സ്വന്തമായി മംഗലാപുരം മാര്‍ക്കറ്റില്‍ പോയി കുറഞ്ഞ വിലക്ക് മീന്‍ ശേഖരിക്കാനും വാഹനത്തിന്റെ സൗകര്യത്തോടുകൂടി അവര്‍ കേടുവരാത്ത രീതിയില്‍ സൂക്ഷിച്ചുവെക്കാനും കിയോസ്‌ക് വാഹനം ഉപകാരപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീ മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ എന്നതിനാല്‍ അവരുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രതക്കും ഈ പദ്ധതി സഹായകരവുമാണ്. കേരള സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് കിയോസ് വാഹനങ്ങള്‍ വിതരണം ചെയ്തത്. സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളിലെ വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി അഞ്ച് സ്ത്രീ മത്സ്യ തൊഴിലാളികള്‍ക്ക് ഒരു കിയോസ്‌ക് എന്ന കണക്കില്‍ 10 കിയോസ്‌കുകളുടെ താക്കോല്‍ ദാനവും ഫ്ളാഗ് ഓഫ് കര്‍മ്മവും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *