നവരാത്രി ആഘോഷം അവസാന നാളുകളിലേക്ക്

ദുര്‍ഗാഷ്ടമി, മഹാനവവി, വിജയദശമി
ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കം

പാലക്കുന്ന്: നവരാത്രിയുടെ ആദ്യ നാള്‍ തൊട്ട് അനുഷ്ഠാന പൂജാകര്‍മങ്ങള്‍, ഭജനം, സ്തുതി ഗീതാലാപനങ്ങള്‍, പാരായണങ്ങള്‍, പ്രഭാഷണങ്ങള്‍, അന്നദാനം എന്നിവയില്‍ ഊന്നല്‍ നല്‍കി ആഘോഷിച്ചു വരികയാണ്.

ഇന്ന് (19) മുതല്‍ വിശേഷാല്‍ ദിവസങ്ങളായ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. അഷ്ടമി നാളായ ഇന്ന് മിക്ക ഇടങ്ങളിലും പൂജവയ്പ് തുടങ്ങും. ചിലയിടങ്ങളില്‍ ഇതില്‍ മാറ്റങ്ങള്‍ കണ്ടുവരുന്നുണ്ട്. പൂജിക്കാനുള്ള പുസ്തകങ്ങള്‍ ഇന്ന് സന്ധ്യയ്ക്ക് മുന്‍പായി അവരവരുടെ ഹിതമനുസരിച്ചുള്ള ആരാധനാലങ്ങളില്‍ ഏല്‍പ്പിക്കും. മഹാനവമി നാളില്‍ (20) രാവിലെ മുതല്‍ വാഹന പൂജ തുടങ്ങും. നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസമായ (21) വിജയദശമി വിദ്യാരംഭത്തിനാണ് പ്രാധാന്യം നല്‍കുന്നത്.നൂറു കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ എത്തിച്ചേരും.

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ 21 ന് രാവിലെ 7.30 മുതല്‍ 9.30 വരെ ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ അംബിക കലാകേന്ദ്രത്തിന്റെ നൃത്ത, സംഗീത ക്ലാസിലേക്ക് പ്രവേശനത്തിന് പേര് നല്‍കാം. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം, സ്‌കൂള്‍ കലോത്സവ ഇനങ്ങളിലും ഇവിടെ പരിശീലനം നേടാം.
അംബിക ലൈബ്രറിയില്‍ അംഗങ്ങളെ ചേര്‍ക്കലും പുസ്തക പ്രദര്‍ശനവും നടക്കും. 9.30 മുതല്‍ കലാകേന്ദ്രം വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും നൃത്ത പഠനാരംഭവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *