വീടുകളിലെ അടുക്കളകളുടെ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തി കുടുംബങ്ങളുടെ ജീവിതസൗകര്യം വര്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അജാനൂര് ഗ്രാമപഞ്ചായത്തില് നടപ്പിലാക്കി വരുന്ന ഈസി കിച്ചണ് പദ്ധതി ജനപ്രിയമാകുന്നു.
പഞ്ചായത്തിലെ വിവിധ വാര്ഡുകളിലായി 24 ഗുണഭോക്താക്കള്ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 75,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്ക്ക് മെച്ചപ്പെട്ട അടുക്കള സൗകര്യങ്ങള് ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കള് അല്ലാത്തവരും മുന്പ് ഈ ആനുകൂല്യം ലഭിക്കാത്തവരുമായ കുടുംബങ്ങള്ക്കാണ് പരിഗണന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം, വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് താഴെയായിരിക്കണം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങള്. ഗ്രാമസഭ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
പദ്ധതിയിലൂടെ വീടുകളിലെ അടുക്കളയുടെ നിലത്ത് ടൈല് പാകാനും വാഷ് ബേസിനുകള് നിര്മ്മിക്കാനും സ്ലാബ് നിര്മ്മിക്കാനും സ്ലാബിനു മുകളില് ടൈല് പാകാനും കബോര്ഡ് നിര്മ്മിക്കാനും സാധിക്കും. വാട്ടര് ടാങ്കുകള് നിര്മ്മിക്കുന്നതിനൊപ്പം വൈദ്യുതീകരണം നടത്താനും അടച്ചുറപ്പുള്ള വാതിലുകളും ജനലുകളും സ്ഥാപിക്കാനും പദ്ധതിയിലൂടെ സഹായം ലഭിക്കും. അടുക്കളയുടെ വലുപ്പം തുടങ്ങി നിശ്ചിത മാനദണ്ഡങ്ങള് പാലിക്കുന്ന കുടുംബങ്ങള്ക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.
നിലവില് 24 ഗുണഭോക്താക്കളും കരാര് ഒപ്പിട്ടുകഴിഞ്ഞു. പദ്ധതിയുടെ ആദ്യ ഗഡുവും കൈമാറിയിട്ടുണ്ട്. എന്ജിനീയര്മാരുടെ നേതൃത്വത്തില് പ്രവൃത്തികളുടെ മൂല്യനിര്ണയം നടത്തി ചെലവഴിച്ച തുക കണക്കാക്കിയ ശേഷമാണ് അടുത്ത ഗഡു അനുവദിക്കുക. കഴിഞ്ഞ വര്ഷവും പദ്ധതി വിജയകരമായി പൂര്ത്തിയാക്കിയിരുന്നു