പനത്തടി: നാടിനെ അറിഞ്ഞും ഗ്രാമത്തിന്റെ സാമൂഹിക സാഹചര്യങ്ങളും വികസന സാധ്യതകളും നേരിട്ട് മനസിലാക്കിയും കേരള കേന്ദ്ര സര്വകലാശാലാ വിദ്യാര്ഥികള്.
സോഷ്യല് വര്ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില് പനത്തടി പഞ്ചായത്തിലെ പ്രാന്തര്കാവില് നടക്കുന്ന ഏഴുദിവസത്തെ ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘സഹസ്ത’ വിദ്യാര്ത്ഥികള്ക്ക് പകരുന്നത് പുതിയ അറിവുകളും അനുഭവങ്ങളും. ഒക്ടോബര് 10ന് ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥാണ് ഉദ്ഘാടനം ചെയ്തത്.
അടിസ്ഥാന സൗകര്യം, സമൂഹത്തിന്റെ ഉന്നമനത്തിനായി സര്ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള് തുടങ്ങിയവ മനസിലാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി വീടുകള് സന്ദര്ശിച്ചും നാട്ടുകാരുമായി ആശയവിനിമയം നടത്തിയും വിദ്യാര്ത്ഥികള് വിവരശേഖരണം നടത്തി. പ്രദേശവാസികളുടെ സഹകരണത്തോടെ റിസോഴ്സ് മാപ്പിങ് സംഘടിപ്പിച്ചു. മാവിലന്, മലവേട്ടുവന് സമൂഹങ്ങള്ക്കിടയില് നടത്തിയ ട്രാന്സെക്ട് വാക്കിലൂടെ അവരുടെ ജീവിതസാഹചര്യങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി.
പ്രദേശത്തിന്റെ ചരിത്രവും കാലാനുസൃതമായ മാറ്റങ്ങളും വിലയിരുത്തി. മുതിര്ന്നവരില്നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് ചരിത്രത്തിലെ പ്രധാന സംഭവങ്ങള് രേഖപ്പെടുത്തി. പ്രാന്തര്കാവ് ഗവണ്മെന്റ് യു.പി. സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കുകയും കൂടുതല് പച്ചക്കറികള് നട്ടുപിടിപ്പിക്കുകയും ചെയ്തു. സ്കൂള് ലൈബ്രറി നവീകരിക്കുന്നതിന്റെ ഭാഗമായി നൂറിലധികം പുസ്തകങ്ങളും ശേഖരിച്ചു. വിവിധ വിഷയങ്ങളില് ക്ലാസ്സുകളും നടന്നു.
വൈസ് ചാന്സലര് പ്രൊഫ. സിദ്ദു പി. അല്ഗുര്, കണ്ട്രോളര് ഓഫ് എക്സാമിനേഷന്സ് ഇന് ചാര്ജ്ജ് പ്രൊഫ. സുധിഷ ജോഗയ്യ എന്നിവര് ക്യാമ്പ് സന്ദര്ശിച്ചു. അസിസ്റ്റന്റ് പ്രൊഫസര് ഡോ. രാജേന്ദ്ര ബൈക്കാഡിയാണ് ക്യാമ്പ് കോര്ഡിനേറ്റര്. അലന് എസ്. അബ്രഹാം, ശ്രീരജ എന്നിവര് സ്റ്റുഡന്റ് ക്യാമ്പ് കോര്ഡിനേറ്റര്മാരുമാണ്. ഇന്ന് (വെള്ളിയാഴ്ച) സമാപിക്കും.