പഞ്ചാബില് അന്താരാഷ്ട്ര വിപണിയില് നാല്പ്പത് കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരു സ്ത്രീയടക്കം രണ്ടുപേരെ പത്താന്കോട്ട് പൊലീസ് പിടികൂടി. അമൃതസറിലെ വടാല ഗ്രാമത്തില് നിന്നുള്ള ഗുര്പന്ത്, ഗുര്ദാസ്പൂര് ധിയാന്പൂര് സ്വദേശിയായ ഹര്മന്ജീത് കൗര് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാന് അടയാളങ്ങളുള്ള ഹെറോയിന് പാക്കറ്റുകളാണ് ഇവരില് നിന്ന് പിടിച്ചെടുത്തതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പത്താന്കോട്ട് സ്പെഷ്യല് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഗുര്പന്ത് ആദ്യം പിടിയിലാകുന്നത്. ഇയാളില് നിന്ന് 590 ഗ്രാം ഹെറോയിന് പിടിച്ചെടുത്തിരുന്നു. തുടര്ന്ന് ഇയാളെ ചോദ്യം ചെയ്തതില് നിന്നും മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില് ഫത്തേഗഡ് ചൂരിയനിലെ വാടകവീട്ടില് പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് ഹര്മന്ജീത് കൗറിനെ അറസ്റ്റ് ചെയ്തത്. ഈ വീട്ടില് നിന്ന് 7.23 കിലോഗ്രാം ഹെറോയിന് കൂടി കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്ന് പാക്കറ്റുകളില് ചിലതില് പാകിസ്ഥാന് അടയാളങ്ങള് ഉള്ളതായി പത്താന്കോട്ട് എസ്.എസ്.പി മന്പ്രീത് സിംഗ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില് തന്നെ അതിര്ത്തി കടന്നുള്ള ലഹരിക്കടത്ത് ബന്ധം വ്യക്തമായിട്ടുണ്ട്. പ്രതികളുടെ ഫോണില് നിന്ന് ലഹരിമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട വീഡിയോകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തില് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.