കോടികള്‍ ചോര്‍ത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍; കേരളത്തില്‍ രണ്ട് വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 1084 കോടി രൂപ!

കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വഴി ജനങ്ങളുടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്തുനിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നത് 1084 കോടി രൂപയാണ്. 2025-ല്‍ മാത്രം 664 കോടി രൂപയുടെ തട്ടിപ്പുകള്‍ നടന്നപ്പോള്‍, ഈ വര്‍ഷത്തെ ആദ്യ പത്ത് മാതത്തിനുള്ളില്‍ 419 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ലോണ്‍ ആപ്പുകള്‍, വ്യാജ നിക്ഷേപങ്ങള്‍, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ്, ഒടിപി തട്ടിപ്പുകള്‍, വ്യാജ കൊറിയറുകള്‍ എന്നിവയിലൂടെയാണ് ജനങ്ങള്‍ക്ക് വലിയ തോതില്‍ പണം നഷ്ടമാകുന്നതെന്ന് ആഭ്യന്തര വകുപ്പ് നിയമസഭയില്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ തുക നഷ്ടപ്പെടുന്നുണ്ടെങ്കിലും അതില്‍ ഒരു ഭാഗം തിരിച്ചുപിടിക്കാന്‍ പൊലീസിന് സാധിക്കുന്നുണ്ട്. 2025-ല്‍ നഷ്ടപ്പെട്ട തുകയില്‍ നിന്ന് 160 കോടി രൂപയും, ഈ വര്‍ഷം ഇതുവരെയുള്ള കണക്കുപ്രകാരം 109 കോടി രൂപയും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ (എന്‍.സി.ആര്‍.പി) ഈ വര്‍ഷം ഒക്ടോബര്‍ ഏഴ് വരെ 36,192 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തട്ടിപ്പുകാര്‍ പണം കടത്താന്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനായി കേരള പൊലീസ് പുതിയ മണി റെസ്റ്റോറേഷന്‍ മൊഡ്യൂള്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ‘സൈ ഹെണ്ട് ഓപ്പറേഷന്‍’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി പ്രത്യേക സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്തി ഒട്ടനവധി തട്ടിപ്പുകാരെ പിടികൂടാനും മ്യൂള്‍ അക്കൗണ്ടുകളുടെ വ്യാപനം തടയാനും പൊലീസിന് സാധിച്ചിട്ടുണ്ട്. കൂടാതെ, സംശയാസ്പദമായ ലിങ്കുകളും നമ്പറുകളും പരിശോധിക്കുന്നതിനായി സൈബര്‍ ഡിവിഷന്‍ ‘സൈബര്‍വാള്‍’ പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ പി.ഒ.എല്‍-ആപ്പ്, വാട്‌സാപ്പ് ചാറ്റ്‌ബോട്ട്, ടെലിഗ്രാം ചാറ്റ്‌ബോട്ട് എന്നിവയിലൂടെ പൊതുജനങ്ങള്‍ക്കും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *