അജാനൂരില്‍ വൃക്കരോഗികള്‍ക്ക് ആശ്വാസമായി ഡയാലിസിസ് കേന്ദ്രം

ഗ്രാമീണ മേഖലയില്‍ വൃക്കരോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുമായി അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഡയാലിസിസ് കേന്ദ്രം.

അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം പ്രാദേശികതലത്തില്‍ തന്നെ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിലൂടെ വൃക്കരോഗികള്‍ക്ക് ആശ്വാസമാകുന്നു. ഗ്രാമപഞ്ചായത്ത് തലത്തില്‍ സമഗ്ര സംവിധാനങ്ങളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടവും അജാനൂരിനുണ്ട്. ചിലവേറിയ ഡയാലിസിസ് സേവനം കേവലം 100 രൂപയ്ക്ക് രോഗികള്‍ക്ക് ഇവിടെ ലഭിക്കും.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (ഒഅഘ) കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (ഇടഞ) ഫണ്ടില്‍നിന്നുള്ള 1.10 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും വിനിയോഗിച്ചാണ് കേന്ദ്രം സജ്ജമാക്കിയത്. ഡയാലിസിസിനാവശ്യമായ ഉപകരണങ്ങള്‍ പൂര്‍ണമായും സി.എസ്.ആര്‍ ഫണ്ടിലൂടെയാണ് സമാഹരിച്ചത്. അജാനൂര്‍ കടപ്പുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് ഒരുക്കിയത്. നിര്‍മാണ പ്രവൃത്തികള്‍ നിര്‍മിതി കേന്ദ്രമാണ് നിര്‍വഹിച്ചത്. നവീകരണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചു.

എട്ട് ഡയാലിസിസ് കിടക്കകളാണ് കേന്ദ്രത്തിലുള്ളത്. ഇതില്‍ ഏഴെണ്ണം പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഒരു കിടക്ക മാറ്റിവെച്ചിട്ടുണ്ട്. നിലവില്‍ നാല് രോഗികള്‍ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി 15 ലക്ഷം രൂപ ചെലവില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും വൈദ്യുതി തടസ്സങ്ങള്‍ മറികടക്കുന്നതിനായി ജനറേറ്റര്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ചികിത്സാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും കേന്ദ്രത്തിലുണ്ട്. ഡയാലിസിസ് ജീവനക്കാരുടെ വേതനം, ഡയാലിസിസ് കിറ്റുകള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന വൃക്കരോഗികള്‍ക്ക് സ്വന്തം പ്രദേശത്തുതന്നെ ഡയാലിസിസ് സൗകര്യം ലഭ്യമാക്കാന്‍ കഴിയുന്നത് കേന്ദ്രത്തിന്റെ പ്രധാന നേട്ടമാണ്. യാത്രാക്ലേശം കുറയ്ക്കുന്നതിനും ചികിത്സ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിലൂടെ കൂടുതല്‍ വൃക്കരോഗികള്‍ക്ക് പ്രാദേശികതലത്തില്‍ തന്നെ ഗുണമേന്മയുള്ള ചികിത്സാ സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഗ്രാമീണ ആരോഗ്യസേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും വൃക്കരോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സ സ്വന്തം പ്രദേശത്ത് തന്നെ ലഭ്യമാകുകയും ചെയ്യുന്നുവെന്ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *