രണ്ട് വര്ഷത്തിനിടെ ആശ്വാസമേകിയത് 643 ജീവിതങ്ങള്ക്ക്
എന്ഡോസള്ഫാന് ദുരിതബാധിതര്ക്കും ഭിന്നശേഷിക്കാര്ക്കും
സമഗ്ര പുനരധിവാസവും സാന്ത്വന പരിചരണവും ഉറപ്പാക്കി
മുളിയാറിലെ ‘സഹജീവനം സ്നേഹഗ്രാമം’ ശ്രദ്ധേയമാകുന്നു.
സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ടു വര്ഷത്തിനിടെ (2024 ജൂലൈ മുതല് 2026 ജൂലൈ വരെ) 643 പേരാണ് വിവിധ തെറാപ്പി സേവനങ്ങളും പരിചരണവും പ്രയോജനപ്പെടുത്തിയത്.
ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോതെറാപ്പി, ഡെവലപ്മെന്റല് തെറാപ്പി, സ്പെഷ്യല് എജുക്കേഷന്, സോഷ്യല് വര്ക്ക് എന്നിവയാണ് കേന്ദ്രത്തില് നല്കുന്ന പ്രധാന സേവനങ്ങള്. ഇതിനുപുറമെ ഗ്രൂപ്പ് തെറാപ്പി, രക്ഷിതാക്കള്ക്കുള്ള ബോധവല്ക്കരണ ക്ലാസുകള്, പാരന്റല് കൗണ്സിലിങ്, ക്ലിനിക്കല് മീറ്റിങ്ങുകള്, എ.ഡി.എച്ച്.ഡി ക്ലിനിക്ക് തുടങ്ങിയവയും കാര്യക്ഷമമായി നടന്നുവരുന്നു.
കൈകള്ക്ക് ബലക്കുറവുള്ള പത്തോളം കുട്ടികള്ക്കായി പ്രത്യേക പരിശീലന സെഷനുകള് ഇവിടെ നല്കുന്നുണ്ട്. അഞ്ചുവയസ്സില് താഴെയുള്ള കുട്ടികളിലെ സാമൂഹിക ഇടപെടലുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള് മുന്കൂട്ടി തിരിച്ചറിഞ്ഞ് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഡെവലപ്മെന്റല് തെറാപ്പിയുടെ നേതൃത്വത്തില് വിദഗ്ധ തെറാപ്പിയും ഉറപ്പാക്കുന്നു.
സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില് എ.ഡി.എച്ച്.ഡി (അഉഒഉ) സവിശേഷതകളുള്ള കുട്ടികള്ക്കായി ഗ്രൂപ്പ് തെറാപ്പി സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികാസം പ്രോത്സാഹിപ്പിക്കുന്നതിനും ആശയവിനിമയശേഷി, സാമൂഹിക ഇടപെടല് തുടങ്ങിയ കഴിവുകള് മെച്ചപ്പെടുത്തുന്നതിനുമാണ് ഗ്രൂപ്പ് തെറാപ്പി നല്കുന്നത്.
മാസത്തിലൊരിക്കല് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷന് (പി.എം.ആര്) കണ്സള്ട്ടന്സിയും വിവിധ തെറാപ്പികളുടെ ഏകോപനത്തിനായി പ്രതിമാസ ക്ലിനിക്കല് മീറ്റിങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. തെറാപ്പിക്ക് പുറമെ രക്ഷിതാക്കള്ക്കായി സഹജീവനം സ്നേഹഗ്രാമത്തില് പാരന്റല് കൗണ്സിലിങ് സെഷനുകളും ലഭ്യമാക്കുന്നുണ്ട്. കുട്ടികള്ക്ക് നല്കുന്ന തെറാപ്പിയെക്കുറിച്ച് കൂടുതല് വിവരങ്ങള് രക്ഷിതാക്കളിലേക്ക് എത്തിക്കുക, തെറാപ്പിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ഹോം മാനേജ്മെന്റ് ഉള്പ്പെടെയുള്ള പരിചരണരീതികളെക്കുറിച്ച് വിശദീകരിക്കുക എന്നിവയാണ് പാരന്റല് കൗണ്സിലിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങള്. കുട്ടികളുടെ തുടര് പരിചരണത്തില് രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രതിദിനം 45 മിനിറ്റ് വീതമുള്ള എട്ട് തെറാപ്പി സ്ലോട്ടുകളിലൂടെ ഒരു ദിവസം ശരാശരി 45 കുട്ടികള്ക്ക് ഇവിടെ സേവനം ലഭിക്കുന്നുണ്ട്. നിലവില് ആഴ്ചയില് 120 ഓളം കുട്ടികളും 17 മുതിര്ന്നവരും കേന്ദ്രത്തെ ആശ്രയിക്കുന്നു. യുവാക്കള്ക്ക് ഫിസിയോതെറാപ്പി സേവനമാണ് നല്കുന്നത്.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി രക്ഷിതാക്കളുടെ പ്രോജക്ട് സപ്പോര്ട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെ വിവിധ ആഘോഷ പരിപാടികള് നടത്തിവരുന്നു. മെന്റല് ഹെല്ത്ത് വീക്കിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാര്ട്ട്മെന്റിന്റെ നേതൃത്വത്തില് സഹജീവനം സ്നേഹ ഗ്രാമത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും ഉള്പ്പെടുത്തി ബേക്കല് ബീച്ച് റിസോര്ട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു.
കേന്ദ്രത്തിന് പുറമെ മൊബൈല് ഇന്റര്വെന്ഷന് യൂണിറ്റ് വഴി ജില്ലയിലെ വിവിധ പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില് സൈക്കോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യല് എജുക്കേഷന്, ഫിസിയോതെറാപ്പി സേവനങ്ങളും നല്കുന്നുണ്ട്. സൈക്കോളജിസ്റ്റ്, ഡെന്റല് സര്ജന്, പീഡിയാട്രീഷ്യന്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല് എജുക്കേറ്റര് തുടങ്ങിയ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നു.
തൊഴില് പരിശീലന പരിപാടികള് (വൊക്കേഷണല് ട്രെയിനിങ്), കെയര് ഹോം/റെസ്പൈറ്റ് ഹോം, ഹൈഡ്രോതെറാപ്പി യൂണിറ്റിന്റെ നിര്മ്മാണ പൂര്ത്തീകരണം, ക്ലിനിക്കല് സൈക്കോളജിസ്റ്റിന്റെ സ്ഥിരം സേവനം എന്നിവയാണ് രണ്ടാം ഘട്ടത്തില് ലക്ഷ്യമിടുന്നത്. ഈ രണ്ടാംഘട്ട പ്രവര്ത്തനങ്ങള് കൂടി പൂര്ത്തിയാകുന്നതോടെ ഭിന്നശേഷി-പുനരധിവാസ മേഖലയില് സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ ഒരു പദ്ധതിയായി ‘സഹജീവനം സ്നേഹഗ്രാമം’ മാറും.