മലബാറില് ആദ്യമായി എന്ഡോസ്കോപ്പിക് വാക്വം തെറാപ്പി വിജയകരമായി പൂര്ത്തിയാക്കി കണ്ണൂര് ആസ്റ്റര് മിംസിലെ മെഡിക്കല് സംഘം
കണ്ണൂര്: അന്നനാളിലെ ശസ്ത്രക്രിയയെ തുടര്ന്ന് രൂപപ്പെട്ട ഗുരുതരമായ ചോര്ച്ച മൂലം സങ്കീര്ണ്ണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂര് ആസ്റ്റര് മിംസിലെ മെഡിക്കല് സംഘം. വീണ്ടും ശസ്ത്രക്രിയ നടത്താതെ അത്യാധുനിക എന്ഡോസ്കോപ്പിക് വാക്വം തെറാപ്പിയിലൂടെയാണ് വടകര ഇരിങ്ങല് സ്വദേശിയായ രോഗിയെ വിജയകരമായി ചികിത്സിച്ചത്. ആശുപത്രിയിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം വിദഗ്ധരുടെ നേതൃത്വത്തില് മലബാറില് ആദ്യമായാണ് ഈ സങ്കീര്ണ്ണ എന്ഡോസ്കോപ്പിക് ചികിത്സ വിജയകരമായി പൂര്ത്തിയാക്കുന്നത്.
അന്നനാളിലെ അര്ബുദത്തെ തുടര്ന്ന് രോഗി മറ്റൊരു സ്വകാര്യ ആശുപത്രിയില് സങ്കീര്ണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല് ശസ്ത്രക്രിയയ്ക്കു പിന്നാലെ അന്നനാളിലെ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ച ഭാഗത്ത് ഗുരുതരമായ ചോര്ച്ച രൂപപ്പെട്ടു. ഇതിനെ തുടര്ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ചോര്ച്ച ആവര്ത്തിച്ചു. രോഗിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കൂടുതല് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര് ആസ്റ്റര് മിംസിലേക്ക് എത്തിച്ചത്.
വീണ്ടുമൊരു വലിയ ശസ്ത്രക്രിയ ഒഴിവാക്കി ചോര്ച്ച പരിഹരിക്കുന്നതിനായാണ് എന്ഡോസ്കോപ്പിക് വാക്വം തെറാപ്പി നടത്താന് തീരുമാനിച്ചത്. എന്ഡോസ്കോപ്പിന്റെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ വാക്വം സ്പോഞ്ച് ചോര്ച്ചയുള്ള ഭാഗത്ത് കൃത്യമായി സ്ഥാപിക്കുകയും നിയന്ത്രിതമായ വാക്വം സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ചോര്ച്ചയുള്ള ഭാഗത്തെ സ്രവങ്ങള് തുടര്ച്ചയായി നീക്കം ചെയ്യുന്നതിനൊപ്പം മുറിവ് ഉണങ്ങാനും ആരോഗ്യകരമായ പുതിയ കോശങ്ങള് രൂപപ്പെടാനും സാഹചര്യമൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായി നടത്തിയ ചികിത്സയിലൂടെ ചോര്ച്ച ക്രമേണ അടയുകയും മുറിവ് പൂര്ണമായി ഉണങ്ങുകയും ചെയ്തു. തുടര്ന്ന് രോഗിക്ക് വായിലൂടെ ഭക്ഷണം കഴിക്കാന് ആരംഭിക്കാനായി. നിലവില് രോഗി സാധാരണ ഭക്ഷണം കഴിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ. ജസീം അന്സാരിയുടെ നേതൃത്വത്തിലാണ് എന്ഡോസ്കോപ്പിക് ചികിത്സ നടത്തിയത്. അന്നനാളിലെ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടാകുന്ന ഇത്തരം ഗുരുതരമായ ചോര്ച്ചകള് ചികിത്സിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും, എന്ഡോസ്കോപ്പിക് വാക്വം തെറാപ്പി പോലുള്ള നൂതന ചികിത്സാരീതികള് ഇത്തരം സങ്കീര്ണ്ണ സാഹചര്യങ്ങളില് ഏറെ പ്രയോജനകരമാണെന്നും ഡോ. ജസീം അന്സാരി പറഞ്ഞു.
”കണ്ണൂര് ആസ്റ്റര് മിംസില് അഡ്വാന്സ്ഡ് എന്ഡോസ്കോപ്പിയില് പ്രത്യേക വൈദഗ്ധ്യമുള്ള മെഡിക്കല് സംഘവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണ്. സങ്കീര്ണ്ണമായ ദഹനനാള രോഗങ്ങളും ശസ്ത്രക്രിയാനന്തര സങ്കീര്ണതകളും ഉള്പ്പെടെ വിവിധ രോഗാവസ്ഥകള് നൂതന എന്ഡോസ്കോപ്പിക് ചികിത്സാരീതികളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള് ഇവിടെ സജ്ജമാണ്. എന്ഡോസ്കോപ്പിക് വാക്വം തെറാപ്പി പോലുള്ള അത്യാധുനിക ചികിത്സകള് മലബാറിലെ രോഗികള്ക്ക് ഇവിടെത്തന്നെ ലഭ്യമാക്കാന് കഴിയുന്നത് ഏറെ പ്രാധാന്യമുള്ളതാണ്,” ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. സാബു കെ.ജി. പറഞ്ഞു.
സങ്കീര്ണ്ണമായ രോഗാവസ്ഥകളില് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച ചികിത്സ നല്കാന് വിദഗ്ധ സംഘത്തിന് സാധിച്ചതില് അഭിമാനമുണ്ടെന്ന് കണ്ണൂര് ആസ്റ്റര് മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര് ഡോ. അനൂപ് നമ്പ്യാര് പറഞ്ഞു.