വന്ദേമാതരം ദേശീയ ബോധത്തിന്റെ പ്രതീകം കേരള ഗവര്‍ണര്‍

വന്ദേമാതരം ദേശീയ ബോധത്തിന്റെ പ്രതീകമാണെനും ഭാരതത്തിന്റെ അഭിമാനമാണെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ദേശസ്‌നേഹവും ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുന്നതില്‍ വന്ദേമാതരം പ്രധാനപ്പെട്ട പങ്കുവഹിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
വന്ദേമാതരം സംബന്ധിച്ച ചര്‍ച്ച സെമിനാര്‍ ഹാളിന്റെയോ ലൈബ്രറിയുടെയോ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങരുത്. അയല്‍ക്കാരുമായും സഹപ്രവര്‍ത്തകരുമായും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും ഇതേക്കുറിച്ച് സംസാരിക്കണം. രാജ്യത്തിന്റെ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ മാതരം ഒരിക്കല്‍ രാജ്യത്തെ ഒന്നിപ്പിച്ച ദേശീയ ഉണര്‍വ് വീണ്ടും സൃഷ്ടിക്കേണ്ട സമയമാണിത്. ‘ഏക ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലൂടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ എല്ലാവരും പങ്കാളികളാകണം. രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ആര്‍ക്കും അതിനെ വെല്ലുവിളിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വന്ദേ മാതരത്തെക്കുറിച്ചുള്ള ഈ ദേശീയ ഉണര്‍വിന്റെ ഭാഗമാകുകയാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. ഭാവിയില്‍ മക്കള്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍, വീട്ടിലിരുന്ന് എല്ലാം നോക്കിക്കണ്ട ഒരാളായിരുന്നില്ലെന്നും ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും അഭിമാനത്തോടെ പറയാന്‍ കഴിയണം. ഇതാണ് വന്ദേ മാതരം നല്‍കുന്ന സന്ദേശമെന്നും ഗവര്‍ണര്‍ പറഞ്ഞു. സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ കെ. പി. രാമനുണ്ണി സമാപന സന്ദേശം നല്‍കി. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി പവന്‍പുത്ര ബാദല്‍ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, പ്രമുഖ പണ്ഡിത പ്രൊഫ. സുനൈന സിങ്, സാഹിത്യ അക്കാദമി എഡിറ്റര്‍ (ഇംഗ്ലീഷ്) സ്നേഹ ചൗധരി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *