കെ. ആര്‍. സി. തായന്നൂരിന്റെ ചിത്രങ്ങള്‍ലോക ചിത്രകലാരംഗത്ത് ശ്രദ്ധേയമായി 111 ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്അംഗീകാരം

രാജപുരം: കേരളീയ കലാപാരമ്പര്യത്തിന്റെ വര്‍ണ്ണവൈവിധ്യവും സൗന്ദര്യവും പൂനെയില്‍ വാരിവിതറിയ കെ. ആര്‍. സി. തായന്നൂരിന്റെ ‘വര്‍ണ്ണയാത്ര’ ഏകാംഗ ചിത്രപ്രദര്‍ശനത്തിന് സമാപനം. പൂനെയിലെ രാജാ രവി വര്‍മ്മ ആര്‍ട്ട് ഗ്യാലറിയില്‍ ആറു ദിവസമായി നടന്ന പ്രദര്‍ശനം കലാസ്വാദകരുടെയും ചിത്രകാരന്മാരുടെയും ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികളുടെയും ശ്രദ്ധ ആകര്‍ഷിച്ചാണ് സമാപിച്ചത്.
വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച് രാജാ രവി വര്‍മ്മയുടെ ചിത്രങ്ങളോട് കിടപിടിക്കുന്ന മികവോടെ കെ. ആര്‍. സി. ഒരുക്കിയ ചിത്രങ്ങള്‍ കേരളത്തിന്റെ സ്വകാര്യ അഭിമാനമാണെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു. ഗ്യാലറിയിലെത്തിയ നിരവധി ചിത്രകാരന്മാരും കലാവിദ്യാര്‍ഥികളും മണിക്കൂറുകളോളം ചിത്രങ്ങള്‍ നിരീക്ഷിച്ചു. ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ നിവാരണം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്ത കെ. ആര്‍. സി.യുടെ ഇടപെടല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായി.
ചിത്രങ്ങളിലെ സൂക്ഷ്മമായ വരകളും നിറങ്ങളുടെ സന്നിവേശവും കഥാപാത്രങ്ങളുടെ പ്രസന്നമായ ഭാവങ്ങളും ഏറെ വ്യത്യസ്തമാണെന്ന് ചിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത ഭാവങ്ങളിലുള്ള പതിനാറോളം ഗണപതി ചിത്രങ്ങള്‍, വിവിധ രാധാമാധവ ചിത്രങ്ങള്‍, അനന്തശയനം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. നിറങ്ങളുടെ മനോഹാരിതയിലൂടെ പ്രേക്ഷകരുടെ മനസ്സിനെയും കണ്ണുകളെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുന്ന അനുഭവമാണ് കെ. ആര്‍. സി. സമ്മാനിച്ചതെന്ന് കലാസ്വാദകര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് പ്രദര്‍ശനം കാണാനെത്തിയ പ്രശസ്ത ചിത്രകാരി സൃഷ്ടി, ചിത്രകാരന്മാരുടെ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന ‘വൈരക്കല്ലാണ് കെ. ആര്‍. സി.’ എന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ‘Last Supper’ പോലുള്ള ചിത്രങ്ങള്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വേറിട്ട സൃഷ്ടികളാണെന്ന് പ്രശസ്ത ചിത്രകാരന്‍ ജഗദീഷ് തനാജി പറഞ്ഞു. കലാവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഒരു സര്‍വകലാശാല തന്നെയാണ് കെ. ആര്‍. സി.യുടെ ചിത്രങ്ങളെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പഞ്ചവര്‍ണ്ണങ്ങളുടെ സാധ്യതകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് ഓരോ ചിത്രത്തിലും ആശയങ്ങളെ വ്യക്തമായി അവതരിപ്പിച്ചിരിക്കുകയാണ് കെ. ആര്‍. സി.യെന്ന് കലാകാരന്മാര്‍ വിലയിരുത്തി. ക്ഷേത്രചുമരുകളുടെ പരിമിതമായ വെളിച്ചത്തില്‍ മാത്രം കണ്ടുവന്നിരുന്ന കേരളീയ ചുവര്‍ചിത്രകലയുടെ സൗന്ദര്യത്തെ വിശാലമായൊരു ദൃശ്യവിരുന്നായി ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ‘വര്‍ണ്ണയാത്ര’.
കേരളത്തിന്റെ സംസ്‌കാരവും വിവിധ കലാരൂപങ്ങളും പ്രകൃതിയും പാരമ്പര്യവും ക്യാന്‍വാസില്‍ ആലേഖനം ചെയ്ത ചിത്രങ്ങള്‍ പൂനെയിലെ കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. കേരളീയ ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ നിറങ്ങളിലൂടെ അവതരിപ്പിച്ച ചിത്രങ്ങള്‍ കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മ പകര്‍ന്നു.
പ്രമുഖരുടെ സാന്നിധ്യത്തില്‍ സമാപനം
പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ M. S. Unni Krishnan, Chief Executive Officer, IITB-Monash Research Academy, Rajan Nair, Working President, INTUC Maharashtra തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ലോകപ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തുകൊണ്ടാണ് ‘വര്‍ണ്ണയാത്ര’യ്ക്ക് തുടക്കമായത്. ചിത്രകാരന്‍ എന്ന നിലയ്ക്കു മാത്രമല്ല, അഭിനേതാവ്, ശില്‍പി, പരിസ്ഥിതി പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കെ. ആര്‍. സി. തായന്നൂരിന്റെ കലാജീവിതത്തിലെ ശ്രദ്ധേയമായ അധ്യായമായി പ്രദര്‍ശനം മാറി.
ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം
‘വര്‍ണ്ണയാത്ര’യുടെ സമാപനത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാര പ്രഖ്യാപനവും നടന്നു. വിവിധ ക്യാന്‍വാസുകളിലായി 111 ചിത്രങ്ങള്‍, 500-ല്‍ അധികം ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയതുമായി ബന്ധപ്പെട്ടാണ് റെക്കോര്‍ഡ് അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചത്.
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കെ. ആര്‍. സി.യുടെ കലാജീവിതത്തിലെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് ഈ നേട്ടം. ആകൃതി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിനും ഇത് അഭിമാന മുഹൂര്‍ത്തമായി. ക്യൂറേറ്റര്‍ അനിത കുമാരി കെ. പി. ചിത്രപ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.
കെ. ആര്‍. സി.യുടെ ചിത്രങ്ങളില്‍ രവിവര്‍മ്മയെ ഓര്‍മിപ്പിക്കുന്ന അനുഭവം”
കെ. ആര്‍. സി.യുടെ ചിത്രങ്ങളുമായി സംവദിക്കുമ്പോള്‍ രാജാ രവി വര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അനുഭവമാണുണ്ടാകുന്നത് എന്ന് എം എസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പൂനെയുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചും ഗണപതി ചിത്രങ്ങളുടെ മഹത്വത്തെക്കുറിച്ചും രാജന്‍ നായര്‍ സംസാരിച്ചു. പ്രദര്‍ശനത്തിലെ ഓരോ ചിത്രവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്നും കെ. ആര്‍. സി.യ്ക്ക് ലോകശ്രദ്ധ നേടാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
നിരവധി ലോകപ്രശസ്ത ചിത്രകാരന്മാരും പ്രദര്‍ശനം സന്ദര്‍ശിച്ച് ചിത്രങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.തായന്നൂരില്‍ നിന്ന് എത്തിയ ചാപ്പയില്‍ ബാലകൃഷ്ണന്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു
അപര്‍ണ ദീപകിന്റെ നൃത്തം വേദിക്ക് മാറ്റുകൂട്ടി
മൂന്നു വയസ്സുമുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന അപര്‍ണ ദീപക് അവതരിപ്പിച്ച ‘അയിഗിരി നന്ദിനി’ നൃത്തം സമാപനച്ചടങ്ങിന് കൂടുതല്‍ മനോഹാരിത നല്‍കി. അപര്‍ണയുടെ ചടുലമായ നൃത്തച്ചുവടുകളും വിവിധ ഭാവങ്ങള്‍ മിന്നിമറയുന്ന കണ്ണുകളും പ്രേക്ഷകര്‍ക്ക് ഹൃദ്യമായ അനുഭവമായി.
ചടങ്ങില്‍ രാജന്‍ നായരെയും കെ. ആര്‍. സി. തായന്നൂരിനെയും പൂനെയിലെ മലയാളികള്‍ ആദരിച്ചു.
പൂനെയിലെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും കലാപ്രേമികളും ‘വര്‍ണ്ണയാത്ര’യെ ഹൃദയപൂര്‍വം ഏറ്റെടുത്തതില്‍ കെ. ആര്‍. സി. നന്ദി രേഖപ്പെടുത്തി. ഒരു കലാകാരനെ ഇത്രത്തോളം സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ നെഞ്ചേറ്റുകയും ചെയ്ത പൂനെയിലെ കലാസ്വാദകരോടും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരോടും അദ്ദേഹം അകമഴിഞ്ഞ നന്ദി അറിയിച്ചു.
കേരളത്തിന്റെ പാരമ്പര്യ വര്‍ണ്ണങ്ങളെ പൂനെയുടെ കലാമണ്ണില്‍ വിതച്ച്, ഓര്‍മകളുടെ നിറപ്പകിട്ടോടെ ‘വര്‍ണ്ണയാത്ര’യ്ക്ക് തിരശ്ശീല വീണു

Leave a Reply

Your email address will not be published. Required fields are marked *