തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൂഴിക്കുന്നില്‍ 45-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴികുന്ന് സ്വദേശി രാജനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ സുഹൃത്തും വെങ്ങാനൂര്‍ സ്വദേശിയായ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തില്‍ മുപ്പത്തിയഞ്ചോളം വെട്ടേറ്റ പാടുകളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.
ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു രാജന്‍. ഇവിടെ പതിവായി എത്തിയിരുന്ന അനൂപും രാജനും കഴിഞ്ഞ ദിവസം രാത്രിയും ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കൃത്യം നടത്തിയ ശേഷം പ്രതി രാജന്റെ ബൈക്കുമായി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് പരസ്യ മദ്യപാനത്തിന് വിഴിഞ്ഞം പോലീസിന്റെ പിടിയിലായ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വിവരം ലഭിച്ചയുടന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.