കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
വിദ്യാഭ്യാസത്തിന്റെ ആത്മാവ് പാഠപുസ്തകങ്ങളിലെ മാര്‍ക്ക് നേടുന്ന വിവരങ്ങളില്‍ മാത്രമല്ലെന്നും നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു വിദ്യാലയം കേവലം കെട്ടിടം മാത്രമല്ല, അതൊരു നാടിന്റെ ആത്മാവും പ്രതീക്ഷയും ഭാവിയുമാണ്. സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയുമൊക്കെ കണ്ണികളെ ഉരുക്കിച്ചേര്‍ക്കുന്ന ഇടമാണത്. പഠനത്തിനിടയില്‍ മൗലികമായ വിഷയങ്ങളെ വിദ്യാര്‍ഥികള്‍ ഗൗരവത്തോടെ കാണണം. അക്ഷരങ്ങളുടെ കേവല ജ്ഞാനമാകരുത് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസം മൗലികമാകണമെന്നും ഗാന്ധിജി ഉണര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബാലന്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, ജില്ലാ പഞ്ചായത്ത് അംഗം ഒ.വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആര്‍ സത്യവതി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ കാടകം, ടി.ഭാസ്‌കരന്‍, എ.വിജയകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ജയന്‍, കെ.പുരുഷോത്തമന്‍, എം.രത്‌നാകര, എം.കൃഷ്ണന്‍, മുഹമ്മദ് പട്ടാനം, മാഹിന്‍ കേളോത്ത്, എസ്.എം.സി ചെയര്‍മാന്‍ കെ.സുരേഷ് കുമാര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മീര ജോസ്, എം.പി.ടി.എ പ്രസിഡന്റ് കെ.ആര്‍ രഞ്്ജിനി, രഞ്്ജിത്ത് കാടകം, എം.സഞ്ജീവ, എ.ജ്യോതികുമാരി, പി.കുഞ്ഞമ്പു, കെ.ആശ്രിത തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ബ്ലോക്ക് സബ്ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.കെ രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബി.എസ് സന്ദീപ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുരേഷ് മൂടാംകുളം നന്ദിയും പറഞ്ഞു.
കിഫ്ബിയുടെ ധനസഹായത്തോടെ കിലയും എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് 3.9 കോടി രൂപ ചെലവിട്ട് മൂന്നുനില അക്കാദമിക് ബ്ലോക്ക് യാഥാര്‍ഥ്യമാക്കിയത്. ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ഓഫീസ് സൗകര്യം, ലബോറട്ടികള്‍, ഐ.ടി സംവിധാനങ്ങള്‍, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം. 32,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും 1000 ലിറ്റര്‍ ശേഷിയുള്ള അഗ്‌നിശമന ടാങ്കും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.