പാലക്കുന്ന് : മുദിയക്കാല്‍ -പട്ടത്താനം തോടും ബേക്കല്‍ പുഴയോരവും സംരക്ഷിക്കാന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ മുദിയക്കാല്‍, തിരുവക്കോളി, മലാംകുന്ന്, അങ്കകളരി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നാശോന്മുഖമായിട്ടുള്ള ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനമാണ് ലക്ഷ്യമിടുന്നത്. മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നതും, നശിച്ച് പോയതുമായ കൈത അടക്കമുള്ള ജൈവ വൈവിധ്യങ്ങള്‍ പുനസ്ഥാപിക്കല്‍, തോടിന്റെ കരയിടിച്ചില്‍ തടയല്‍, മത്സ്യങ്ങള്‍ക്ക് ആവാസ കേന്ദ്രമൊരുക്കി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കല്‍, പക്ഷികള്‍ക്ക് നഷ്ടപ്പെട്ടു പോയ ആവാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കല്‍, ജല ശുചീകരണം, ഭൂഗര്‍ഭ ജല പോഷണം, പരമ്പരാഗത തൊഴിലുകള്‍ക്ക് ആവശ്യമായ കൈത ഓല അടക്കമുള്ള അസംസ്‌കൃത സാധനങ്ങള്‍ ലഭ്യമാക്കല്‍, സമ്പന്നമായ കാര്‍ഷിക സംസ്‌കൃതി തിരിച്ചു കൊണ്ടുവരല്‍, ജലാശയത്തിന്റെ സൗന്ദര്യവും, ആരോഗ്യവും വീണ്ടെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മുദിയക്കാല്‍ കണ്ണോല്‍ പാറ്റേണ്‍ വീട് തറവാട്ടില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍ ഉദ്ഘാടനം ചെയ്തു.
ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ. എം. എ. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ സി. കെ. അശോകന്‍, അമ്മിണി തിരുവക്കോളി, വിജയലക്ഷ്മി അങ്കകളരി, ജയസന്ധ്യ മലാംകുന്ന്, കോ – ഓര്‍ഡിനേറ്റര്‍ മുരളി പള്ളം, ജൈവ വൈവിധ്യ പരിപാലന സമിതി അംഗങ്ങളായ ശ്രീജ പുരുഷോത്തമന്‍ , കാര്‍ത്യായനി ബാബു,മുന്‍ വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍, മുന്‍ അംഗങ്ങളായ എ.കുഞ്ഞിരാമന്‍, കെ.കെ.യമുന എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ചന്ദ്രന്‍ നാലാം വാതുക്കല്‍ (ചെയ.) സി.കെ. അശോകന്‍, എ. കുഞ്ഞിരാമന്‍, കെ.കെ. വത്സലന്‍, അമ്മിണി തിരുവക്കോളി (വൈ. ചെയ.), രജിത്ത് മലാംകുന്ന് (കണ്‍.), വിജയലക്ഷ്മി അങ്കകളരി, ഗഫൂര്‍ തിരുവക്കോളി, മനോജ് കരിപ്പോടി (ജോ. കണ്‍.)