പാലക്കുന്ന് : വിശ്രമ ജീവിതം നയിക്കുന്ന മുതിര്‍ന്ന അംഗങ്ങളായ കപ്പലോട്ടക്കാരെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രവര്‍ത്തകര്‍ വീടുകളില്‍ ചെന്ന് സ്‌നേഹാന്വേഷണം നടത്തിയത് വേറിട്ട അനുഭവമായി . ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. 90 പിന്നിട്ട തൃക്കണ്ണാട് മലാംകുന്നിലെ ഷെയ്ഖ് ഇബ്രാഹിം സഹീബ് ആയിരുന്നു കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്ന നാവികന്‍. 140 രൂപ വേതനത്തില്‍ കപ്പലില്‍ ജോലി ചെയ്ത കഥകള്‍ അടക്കം രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
ചന്ദ്രപുരത്തിലെ വൈ. ദാമോദരന്‍, തിരുവക്കോളിയിലെ വി. കൃഷ്ണന്‍, മലാംകുന്നിലെ ഹനീഫ്, ചിത്താരിയിലെ കുഞ്ഞമ്പു, ഉദയമംഗലത്തിലെ പി. ബമ്പന്‍, ബി. കൃഷ്ണന്‍, ചെമ്മട്ടംവയലിലെ സുകുമാരന്‍ എന്നിവരുടെ വീടുകളിലാണ് ക്ലബ് ഭാരവാഹികള്‍ സന്ദര്‍ശനം നടത്തിയത്. പ്രയാധിക്യം മൂലം മാസങ്ങളായി ക്ലബ്ബ് യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കാതെ വീടുകളില്‍ ഒതുങ്ങിപ്പോയവര്‍ പരസ്പരം സമാനതകള്‍ ഇല്ലാത്ത സന്തുഷ്ടമായ അനുഭവങ്ങളാണ് പങ്കുവെച്ചത്. ക്ലബ് പ്രവര്‍ത്തകരുടെ ഗൃഹ സന്ദര്‍ശനത്തില്‍ വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ സന്തോഷവും നന്ദിയും അറിയിച്ചു.